മരം വീണ് വീട് തകർന്നു
എരുമേലി: മരം വീടിന്റെ മുകളിലേക്ക് പതിച്ച് നിർധന കുടുംബത്തിന്റെ വീട് പൂർണമായും തകർന്നു. കുടുംബാംഗങ്ങൾ വീടിന്റെ മുന്നിലായിരുന്നതിനാൽ ആരും അപകടത്തിൽപ്പെട്ടില്ല.
മറ്റന്നൂർക്കര ലക്ഷം വീട് കോളനിക്കു സമീപം പത്താഴക്കുഴിയിൽ വനാതിർത്തിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കിഴക്കേതിൽ എബ്രഹാം (സാബു ) മിന്റെ വീടിന് മുകളിലാണ് മരം വീണത്. ആസ്ബസ്റ്റോസ് ഷീറ്റ് , ഭിത്തി, വയറിംഗ്, വീട്ടുപകരണങ്ങൾ എന്നിവയുൾപ്പടെ വീട് പൂർണമായും തകർന്നു. ഭാര്യയും രണ്ട് കൂട്ടികളും അടങ്ങുന്ന സാബുവിന്റെ നിർധന കുടുംബത്തിന് ഇനി സ്വന്തമായി വീട് പണിയാൻ നിവൃത്തിയില്ല. മുമ്പ് വനത്തിൽ നിന്ന ആഞ്ഞിലി മരം വീണ് സമീപത്തെ മറ്റൊരു വീട് നശിച്ചതാണ്. സംഭവസ്ഥലം ആന്റോ ആന്റണി എംപി സന്ദർശിച്ചു.
സർക്കാർ അടിയന്തരമായി ഇടപെട്ട് വീട് നിർമിച്ചു നൽകണമെന്നും വനാതിർത്തിയിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റണമെന്നും എംപി ആവശ്യപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി ഇലവുങ്കൽ, പഞ്ചായത്തംഗങ്ങളായ നാസർ പനച്ചി, സുനിൽ ചെറിയാൻ, കോൺഗ്രസ് മന്ധലം പ്രസിഡന്റ് ടി.വി. ജോസഫ് എന്നിവരും എംപിയോടൊപ്പം സ്ഥലം സന്ദർശിച്ചു.