പഞ്ചായത്ത് ഭൂമി കൈയേറി നിർമാണം; സ്റ്റോപ്പ് മെമ്മോ പതിപ്പിച്ച് പഞ്ചായത്ത്
പഞ്ചായത്ത് നൽകിയ നോട്ടീസ് കൈപ്പറ്റാത്തതിനെ തുടർന്ന് നിർമാണസ്ഥലത്ത് പഞ്ചായത്ത് അധികൃതർ നോട്ടീസ് പതിപ്പിച്ചു. ഗാലക്‌സി ജങ്ഷനു സമീപം പൈങ്ങന തോട് കൈയ്യേറിയാണ് നിർമാണം. ഒന്നര വർഷം മുമ്പ് ഗ്രാമ പ്പഞ്ചായത്തും,റവന്യൂവും നൽകിയ സ്റ്റോപ് മെമ്മോ മറികടന്നാണ് നിർമാണം.
സ്വകാര്യ റബ്ബർ നഴ്‌സറിയിലേക്ക് ഏഴ് വർഷം മുമ്പ് പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിലൂടെ ദേശീയപാതയിലേക്ക് തോടിന് കുറുകെ പാലം നിർമിച്ചിരുന്നു. പ്രതിഷേധത്തിനിടയിലും പാലം പൂർത്തിയാക്കി. ദീർഘകാലം നിർമാണജോലി നടത്താതിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് തോട് കൈയേറിയുളള നിർമാണം പുനരാരംഭിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഗ്രാമപ്പഞ്ചായത്ത് ജീവനക്കാർ സ്ഥലത്ത് എത്തി നിർമാണം നിർത്തിവെക്കാൻ നിർദേശം നൽകി.എങ്കിലും ജീവനക്കാർ തിരികെ പോയതിനു പിന്നാലെ ജോലി പുനരാരംഭിച്ചു. ഇതറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, പഞ്ചായത്തംഗം സി.വി.അനിൽകുമാർ, സെക്രട്ടറി ഇൻചാർജ് ജോബോയ് എന്നിവർ സ്ഥലത്തെത്തി ജോലി നിർത്തിവെയ്പ്പിച്ചു.
എന്നാൽ സ്‌റ്റോപ് മെമ്മോ നൽകിയത് കൈപ്പറ്റാൻ നഴ്സറി ഉടമ തയ്യാറായില്ല. ഇതേത്തുടർന്ന് നിർമാണ സ്ഥലത്ത് പഞ്ചായത്ത് അധികൃതർ നോട്ടീസ് പതിപ്പിക്കുകയായിരുന്നു.
ദേശീയപാതയോരത്തെ നിർമാണങ്ങൾക്ക് പഞ്ചായത്തിന്റേയും ദേശീയപാത വകുപ്പിന്റേയും അനുമതി വേണമെന്നിരിക്കെ നടത്തിയ നിർമാണം സംബന്ധിച്ച രേഖകൾ പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു.© 2019 All Rights Reserved. Powered by Summit