കോവിഡ് വ്യാപനം : കർശന നിയന്ത്രണങ്ങളുമായി കാഞ്ഞിരപ്പള്ളി പോലീസ് .. നടപടിക്കൊരുങ്ങി വാഹനവകുപ്പും..
കാഞ്ഞിരപ്പള്ളി: കോവിഡ് വ്യാപനം തടയുന്നതിന് നിർദേശങ്ങൾ പാലിക്കാൻ കർശന നടപടി തുടങ്ങി . പഞ്ചായത്ത്, പോലീസ്, വ്യാപാരികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽഅടിയന്തര യോഗം ചേർന്നു. കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ യോഗത്തിൽ തീരുമാനമായി.
വ്യാപാരസ്ഥാപനങ്ങൾ രാത്രി ഒൻപത് വരെ മാത്രമേ പ്രവർത്തിക്കാവൂ. ഒൻപത് മുതൽ 10 വരെ ഹോട്ടലുകളിൽ പാഴ്‌സൽ നൽകാം. വ്യാപാരസ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ കൂട്ടംകൂടി നിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഒരേസമയം കടകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പ്രവേശിക്കാൻ പാടില്ല. സ്ഥാപനങ്ങളിലും പരിസരത്തും സാമൂഹിക അകലം, സാനിറ്റൈസറിന്റെ ഉപയോഗം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ, എസ്.ഐ. എൽദോ പോൾ, പഞ്ചായത്തംഗം ബിജു പത്യാല, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറ, ഓട്ടോറിക്ഷാ തൊഴിലാളികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കോവിഡ് സുരക്ഷാ മാനദണ്ഡം പാലിക്കാത്ത നൂറിലധികം പേരെ പോലീസ് പരിശോധനയിൽ കണ്ടെത്തി. പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും അശ്രദ്ധമായി മാസ്ക് ധരിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്തവരെയാണ് പോലീസ് താക്കീത് നൽകി വിട്ടയച്ചത്. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലെ ബസ് സ്റ്റാൻഡുകളിൽ പരിശോധന നടത്തി. ബസിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യാൻ പാടില്ലെന്നും നിയമം തെറ്റിച്ചാൽ 7500 രൂപ പിഴയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യുമെന്ന് ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. ഓട്ടോയിൽ ഒരുസമയം പരമാവധി രണ്ടുപേരെയേ കയറ്റാൻ പാടുള്ളൂവെന്ന് ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് നിർദേശം നൽകി.