കോവിഡിനെ തുരത്തണം കഞ്ഞികുടിയും മുട്ടരുത്.. കോവിഡ് നിയന്ത്രണങ്ങൾ മേഖലയെ തകർക്കുമോയെന്ന ആശങ്കയിൽ വ്യാപാരസമൂഹം
കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടേണ്ടിവന്നത്. സമയക്രമം അടക്കം പുതിയ നിയന്ത്രണങ്ങൾ വലിയ പ്രയാസമായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയെങ്കിലും അതിന് മുമ്പും മിക്കവരും ചട്ടങ്ങൾ പാലിച്ചാണ് നിലനിന്നുപോന്നത്. രജിസ്റ്റർ സൂക്ഷിച്ചും കടകൾക്കുള്ളിൽ അകലം പാലിച്ചുമെല്ലാം അത് നടപ്പാക്കിവന്നിരുന്നു.
തുറന്നുവെയ്ക്കൽ സമയം കുറയ്ക്കുന്നത് തിക്കും തിരക്കും കൂട്ടാനിടയാക്കുമെന്നത് അടക്കമുള്ള ആശങ്കകളും അവർ പങ്കുവെയ്ക്കുന്നുണ്ട്. ഹോട്ടലുകളിൽ മെച്ചമായ കച്ചവടം കിട്ടുന്നത് ഇപ്പോൾ സന്ധ്യയ്ക്കുശേഷമാണ്. സമയക്രമം വന്നതോടെ കട അടയ്ക്കേണ്ടിവരും. രാത്രി ഒൻപതിന് അടയ്ക്കണമെന്ന് പറയുന്നതിനെതിരേ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷനും രംഗത്തെത്തി.
എല്ലാവർക്കും ഒരുപോലെ വേണ്ടേ
വിവാഹമടക്കമുള്ള ചടങ്ങുകൾക്ക് 100 പേർക്കും പൊതുപരിപാടികളിൽ 200 പേർക്കും പങ്കെടുക്കാമെങ്കിൽ വ്യാപാരസ്ഥാപനങ്ങക്കുമാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ അർഥമില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നത്. ഒരുകടയിൽ പരമാവധി 10 പേരിൽ കൂടുതൽ ഒരേസമയം എത്താറില്ല. സാധനങ്ങൾ വാങ്ങാനെത്തുന്നവർ വളരെ വേഗംതന്നെ പോകുന്നുമുണ്ട്, പിന്നെ എന്തിനാണ് കടുത്ത നിയന്ത്രണം. ഉപഭോക്താവ് മുഖാവരണം ധരിക്കാൻ അങ്ങോട്ട് പറയാറുണ്ട്. കൈകൾ സാനിറ്റൈസ് ചെയ്യാനും സൗകര്യമുണ്ട്.
ഹോട്ടലിൽ പ്രശ്നമേറെ
ഹോട്ടൽ മേഖലയ്ക്ക് കൂടുതൽ ഇളവ് നൽകണമെന്നാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആവശ്യം. അവശ്യസാധനങ്ങളുടെ വില വർധനമൂലം ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. വൈകുന്നേരങ്ങളിലെ കച്ചവടത്തിൽനിന്നാണ് ഹോട്ടലുകൾക്ക് വരുമാനം കൂടുതൽ കിട്ടുന്നത്. നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ ഇനിയും പ്രതിസന്ധിയിലേക്ക് വീഴും. സാധനങ്ങളുടെ വില ഉയർന്നപ്പോഴും ഭക്ഷണത്തിന് വില കൂട്ടിയിട്ടില്ല. പാചകവാതകത്തിന് വില കൂടിയിട്ടുണ്ട്. തൊഴിലിലേക്ക് മടങ്ങിവന്ന ഇതരസംസ്ഥാന തൊഴിലാളികൾ ലോക്‌ഡൗൺ ആശങ്കയിലാണ്. നിയന്ത്രണം കടുക്കുംമുമ്പ് മടങ്ങണോ എന്നാണ് അവരുടെ മനസ്സിലുള്ള ചോദ്യം.