മിനി ലോക്ഡൗണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്, സഹരിച്ച് പൊതുജനം, പിഴയും കേസും മൂലം അനാവശ്യയാത്രക്കാർ കുടുങ്ങി

ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളോട് വീട്ടിലിരുന്ന് സഹകരിച്ച് ജനം. ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുത്തതുകൂടാതെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഞായറാഴ്ച വരെയുളള നിയന്ത്രണങ്ങളുടെ സ്ഥിതി വിലയിരുത്തിയാകും സമ്പൂര്‍ണ ലോക്ഡൗണ്‍ തീരുമാനം. അനാവശ്യയാത്രക്കാരെല്ലാം പൊലീസ് പരിശോധനയില്‍ കുടുങ്ങി. ഉപദേശത്തിനു പകരം ആദ്യ ദിനം തന്നെ പിഴയും കേസും. ചിലരുടെയൊക്കെ വാഹനവും പിടിച്ചെടുത്തു. ഒാഫീസ് സമയം കഴിഞ്ഞതോടെ തിരക്ക് തീരെ കുറഞ്ഞു.

ദീര്‍ഘദൂര യാത്രയ്ക്ക് കെഎസ്ആര്‍ടിസി സര്‍വീസുകളുണ്ട്. ബസ് സ്റ്റാന്റ്, റയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, വാക്സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകുന്നതിന് തടസമുണ്ടായിരുന്നില്ല. ഓട്ടോ, ടാക്സി സര്‍വീസുകള്‍ അത്യാവശ്യത്തിന് അനുവദിക്കുന്നു. തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് മാത്രമാണ് കടത്തിവിട്ടത്.

മരുന്ന്, പഴം, പച്ചക്കറി, പാല്‍, മല്‍സ്യമാംസം വില്‍ക്കുന്ന കടകളും,വര്‍ക് ഷോപ്, വാഹനസര്‍വീസ് സെന്റര്‍, സ്പെയര്‍ പാര്‍ട്സ് കടകളും രാത്രി 9 വരെ പ്രവര്‍ത്തിക്കും. റേഷന്‍ കടകളും സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ ഔട് ലെറ്റുകളും തുറന്നിട്ടുണ്ട്. ഹോട്ടലുകളില്‍ രാത്രി 9 വരെ പാഴ്സലും ഹോം ഡെലിവറിയും മാത്രം. തുണിക്കടകള്‍, ജ്വല്ലറി, ബാര്‍ബര്‍ ഷോപ് തുറന്നിട്ടില്ല. ബെവ്കോയും ബാറുകളും അടഞ്ഞു കിടക്കുന്നു. കള്ളുഷാപ്പ് തുറന്നിട്ടുണ്ട്. ബാങ്കുകള്‍ 1 മണി വരെ പ്രവര്‍ത്തിച്ചു. വിവാഹം, ഗൃഹപ്രവേശം എന്നിവയില്‍ പരമാവധി 50 പേരും സംസ്കാര ചടങ്ങില്‍ ഇരുപത് പേരും മാത്രം.

error: Content is protected !!