സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളിൽനിന്ന് അമിത ചികിത്സാഫീസ് ഈടാക്കുന്നതിനെതിരേ ശക്തമായ നിലപാടുമായി ഹൈക്കോടതി.
സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളിൽനിന്ന് അമിത ചികിത്സാഫീസ് ഈടാക്കുന്നതിനെതിരേ ശക്തമായ നിലപാടുമായി ഹൈക്കോടതി. ചികിത്സച്ചെലവ് യുക്തിസഹമായി നിയന്ത്രിക്കാൻ വ്യക്തമായ പദ്ധതി വേണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് കോടതിയുടെ ഇടപെടൽ. വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ വ്യാഴാഴ്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തും ഉൾപ്പെട്ട ബെഞ്ച് പ്രത്യേകം സിറ്റിങ് നടത്തും.
ആശുപത്രി മുറികളുടെ വാടക, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനത്തിന് ദിവസേന ഈടാക്കുന്ന ഫീസ് എന്നിവ അടക്കം പരിശോധിച്ച് തീരുമാനിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരോ ആശുപത്രിയും ഉപയോഗിക്കുന്ന വെന്റിലേറ്റർ, അടക്കമുള്ള ഉപകരണങ്ങൾക്ക് ചെലവാകുന്ന തുകയൊക്കെ കണക്കിലെടുത്തുവേണം തീരുമാനം എടുക്കാൻ. പി.പി.ഇ.കിറ്റിന്റെ പേരിൽപോലും അമിതതുക ഈടാക്കുന്നതായ പരാതി പൊതുജനങ്ങൾ ഉയർത്തുന്നുണ്ട്. ഒരു വാർഡിലെ ഒട്ടേറെ രോഗികളെ ഏതാനും നഴ്‌സുമാരാണ് പരിചരിക്കുന്നത്.
എന്നാൽ, എല്ലാ രോഗികളിൽനിന്നും പി.പി.ഇ.കിറ്റിന്റെ തുക പ്രത്യേകം ഈടാക്കുന്നതുപോലുള്ള പരാതികളിൽ കഴമ്പുണ്ട്. ചില ആശുപത്രികൾ കോവിഡ് രോഗികൾക്കായുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ദിവസം 10,000 മുതൽ 20,000 രൂപവരെ ഇടാക്കുന്നുണ്ട്.
ഇതെല്ലാം കണക്കിലെടുത്താണ് പ്രത്യേകം സിറ്റിങ് നടത്തി വിഷയം പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.
സ്റ്റേറ്റ് ഹെൽത്ത് ഏജൻസി, ദേശീയ ആരോഗ്യമിഷൻ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ്, ഐ.എം.എ., കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവരെയൊക്കെ കക്ഷിയായി ചേർത്തുകൊണ്ടാണ് കോടതി വിഷയം വിശദമായി പരിശോധിക്കുന്നത്.
പെരുമ്പാവൂർ ഹ്യൂമൻ റൈറ്റ്‌സ് ഫോറം ലീഗൽ സെൽ വൈസ് പ്രസിഡന്റ് അഡ്വ. സാബു പി. ജോസഫ് ഫയൽ ചെയ്ത പൊതുതാത്‌പര്യഹർജിയിലാണ് കോടതിയുടെ നടപടി.