കോവിഡ് ചികിത്സ: നിരക്ക് കൂടുന്നതിന് കാരണമുണ്ടെന്ന് സ്വകാര്യ ആശുപത്രികള്‍
സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ രോഗികിളില്‍ നിന്ന് ചികിത്സയുടെ പേരില്‍ വലിയതോതില്‍ പണം ഈടാക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ചികിത്സാ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കിയത്. സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ജനറല്‍ വാര്‍ഡില്‍ പത്തുദിവസം കിടക്കേണ്ടിവന്നാല്‍ ആശുപത്രി ബില്‍ ഒരുലക്ഷം കവിയും. ഇനി സ്വന്തമായി ഒരു മുറിയെടുത്താണ് ചികിത്സ നേടുന്നതെങ്കില്‍ അത് ഒന്നരമുതല്‍ രണ്ട് ലക്ഷം വരെയാകാം. ഇതിനിടെ ചികിത്സയ്ക്കിടെ ഐസിയു ആവശ്യമായി വന്നാല്‍ ഐസിയുവിന് ഒരുദിവസം 27000 മുതല്‍ 30,000 രൂപ വരെ ഈടാക്കും. ഇനി രോഗിക്ക് വെന്റിലേറ്റര്‍ ആവശ്യമായി വന്നാല്‍ അതിന് ഒരുദിവസം കുറഞ്ഞത് 40,000 രൂപയെങ്കിലും സ്വകാര്യ ആശുപത്രികള്‍ ഈടാക്കും.
ഇന്‍ഷുറന്‍സ് പരിരക്ഷയൊന്നുമിതല്ലാത്ത ഒരു സാധാരണക്കകാരന് പത്തുമുതല്‍ 20 ദിവസത്തിനിടെ ഇതെല്ലാം താണ്ടി കടന്നുപോകുമ്പോഴേക്കും ആശുപത്രി ബില്ല് ലക്ഷങ്ങള്‍ കടക്കും. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇടപെടലുണ്ടായിരിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ മുമ്പ് പറഞ്ഞിരുന്നത് ഇത്രയും നാള്‍ ഈടാക്കുന്നത് സര്‍ക്കാര്‍ അംഗീകരിച്ച തുകയാണ് തങ്ങള്‍ ചാര്‍ജ് ചെയ്യുന്നതെന്നാണ്.
പല സ്വകാര്യ ആശുപത്രികളും വ്യത്യസ്ത നിരക്കാണ് കോവിഡ് ചികിത്സയ്ക്കായി ഓരോ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇതില്‍ മാറ്റം വരേണ്ടത് അത്യാവശ്യമാണ്. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 2645 രൂപ എന്നത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് മാത്രമാണ്.
അതിനുപുറമെ എത്തുന്നവര്‍ക്കാണ് നിലവില്‍ വലിയ തോതില്‍ പണം ഈടാക്കുന്നതെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലേക്ക് ആശുപത്രി ബില്ലുകള്‍ അവര്‍ അയച്ചു തരുന്നു. യുവജന സംഘടനകള്‍ വിഷയത്തില്‍ മൗനം പാലിക്കുന്നുവെന്നതാണ് അവരെ ചൊടിപ്പിക്കുന്നത്.
എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ്. നിരക്ക് വര്‍ധിക്കുന്നതിന് പലതരത്തില്‍ കാരണങ്ങളുണ്ടെന്ന് അവര്‍ വിശദീകരിക്കുന്നു. സമാനതകളില്ലാത്ത മുമ്പ് നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നാമിപ്പോള്‍ അഭിമുഖികരിക്കുന്നതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ പറയുന്നു.
സര്‍ക്കാരുമായി ചര്‍ച്ച നടത്തിയാണ് ഇപ്പോഴത്തെ നിരക്ക് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ പോലും അതില്‍ ജനറല്‍ വാര്‍ഡിന്റെ കാര്യം മാത്രമേ പറയുന്നുള്ളു. വ്യക്തിഗത മുറികള്‍ ഉപയോഗിക്കുന്നവരേപ്പറ്റിയോ ഐസിയു, വെന്റിലേറ്റര്‍ ആവശ്യങ്ങള്‍ വേണ്ടിവന്നാല്‍ ഈടാക്കാവുന്ന നിരക്കിനെ പറ്റിയോ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. നിലവില്‍ പ്രഖ്യാപിച്ചത് കാരുണ്യ ആരോഗ്യ പദ്ധതിയുടെ ഭാഗമായി വരുന്ന രോഗികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് കെ.പി.എച്ച്.എ ചൂണ്ടിക്കാണിക്കുന്നു.
നാട് വലിയൊരു പ്രതിസന്ധിയെ നേരിടുമ്പോള്‍ നഷ്ടം സഹിച്ചും പരമാവധി സര്‍ക്കാരിനും സാധാരണക്കാര്‍ക്കുമൊപ്പം നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആദ്യം 25 ശതമാനം ബെഡ്ഡുകളും ഇപ്പോള്‍ 50 ശതമാനം ബെഡ്ഡുകളും കോവിഡ് ചികിത്സയ്ക്കായി നീക്കിവെക്കാന്‍ സ്വകാര്യ ആശുപത്രികള്‍ തയ്യാറായത്. കാരുണ്യ പദ്ധതിയുടെ കീഴില്‍ സൗജന്യ നിരക്കില്‍ ഇങ്ങനെ ചികിത്സ ലഭ്യമാക്കാന്‍ ശ്രമിക്കും.
എന്നാല്‍ ആരോഗ്യവകുപ്പ് വഴിയല്ലാതെ എത്തുന്ന രോഗികള്‍ക്ക് ശരിയായ തുക ഈടാക്കേണ്ടി വരും. കുറഞ്ഞത് ഒരു രോഗിക്ക് വേണ്ടി ഒരു സമയം രണ്ട് പിപിഇ കിറ്റ് ഉപയോഗിക്കേണ്ടിവരും. ആറുമണിക്കൂറാണ് ധരിക്കേണ്ടതെങ്കിലും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റുമുളള സമയങ്ങള്‍ കിഴിച്ചാല്‍ നാലുമണിക്കൂര്‍ മാത്രമാണ് ഡോക്ടര്‍ക്കും നഴ്സിനും പിപിഇ കിറ്റ് ധരിക്കാനാവുക.
350 രൂപയ്ക്ക് പിപിഇ കിറ്റ് ലഭിക്കും. എന്നാല്‍ രോഗം വ്യാപകമായി പടരുന്നതിനാല്‍ പൂര്‍ണമായും അണുവിമുക്തമാക്കപ്പെട്ട സീല്‍ഡ് കവറില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചെത്തുന്ന പിപിഇ കിറ്റ് മാത്രമേ ഡോക്ടര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കാനാകു. അങ്ങനെ വരുമ്പോള്‍ തുക ഉയരും. ഇതിനും പുറമെ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന രോഗിക്ക് കോവിഡ് മാത്രമല്ല അതുമായി ബന്ധപ്പെട്ട് ശാരീരികമായി മറ്റ് പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.
അങ്ങനെവരുമ്പോള്‍ അത്തരം വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കണ്ടി വരും. അവര്‍ക്കും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതുണ്ട്. ഇത്തരം മറ്റ് ശാരിരിക അവശതകള്‍ വരുമ്പോള്‍ അതിനുള്ള ചികിത്സയും വേണ്ടിവരും. ഇതൊക്കെയാണ് ബില്ലുകള്‍ ഉയരാന്‍ കാരണം.
എന്നാല്‍ ആശുപത്രികള്‍ ലീസിനെടുത്ത് നടത്തുന്നവരുണ്ട്. അവിടങ്ങള്‍ വലിയ തോതില്‍ രോഗികളെ പിഴിയുന്ന സാഹചര്യമുണ്ടാകുന്നതെന്നാണ് മറ്റ് ആശുപത്രികള്‍ പറയുന്നത്. ഇത്തരം ഗ്രൂപ്പുകളെ സംഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെ.പി.എച്ച്.എ പറയുന്നു.
മാത്രമല്ല സ്വകാര്യ ആശുപത്രികള്‍ക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാക്കുന്നില്ലെന്നും കൈവശമുള്ള സിലിണ്ടറുകള്‍ പലതും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സ്വകാര്യ ആശുപത്രികള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൊടുത്തതിന് ശേഷം മാത്രമേ സ്വകാര്യ ആശുപത്രികളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നുള്ളു. കോവിഡ് ബാധിച്ചവര്‍ മാത്രമല്ല മറ്റ് രോഗങ്ങള്‍ക്കും ചികിത്സ തേടിയ ഗുരുതര രോഗികള്‍ പോലും സ്വകാര്യ ആശുപത്രികളിലുണ്ട്. അവരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന സമീപനമാണ് ഇപ്പോള്‍ ഉള്ളതെന്നാണ് സ്വകാര്യ ആശുപത്രികള്‍ പറയുന്നത്.