നാടെങ്ങും കോവിഡ് ദുരിതം പെയ്തിറങ്ങുന്നു…എരുമേലി പഞ്ചായത്തിൽ ഒരു ദിവസം കോവിഡ് രോഗബാധയേറ്റ്‌ മരിച്ചത് മൂന്നുപേർ ..

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം പാറത്തോട് പഞ്ചായത്തിൽ ഒരു ദിവസം കോവിഡ് രോഗബാധയേറ്റ്‌ മൂന്നുപേർ മരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറുന്നതിനു മുൻപ് എരുമേലി പഞ്ചായത്തിലും ഒരു ദിവസം മൂന്നുപേർ കോവിഡ് രോഗബാധയേറ്റ്‌ മരണപെട്ടു. മുക്കൂട്ടുതറ സ്വദേശി ക്യാപിറ്റൽ ശശികുമാർ, കനകപ്പലം സ്വദേശി മാവുങ്കൽ പുരയിടം കാസിം കുട്ടി, കനകപ്പലം വട്ടക്കയം സലിം എന്നിവരാണ് കോവിഡ് ബാധിതരായി ഒരു ദിവസം തന്നെ മരണപ്പെട്ടത് .

കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും കോവിഡ് താണ്ഡവമാടുകയാണ്. എന്ത് ചെയ്യണം, എങ്ങോട്ടു പോകണം എന്നറിയാതെ ദുരിതത്തിലായ ജനങൾക്ക് എരുമേലിയിലും, പൊടിമറ്റത്തും തുടക്കം കുറിച്ച കോവിഡ് ആശുപത്രികൾ ആശ്വാസമാവുകയാണ്. ഉടൻതന്നെ ഈരാറ്റുപേട്ടയിലും സി എഫ് എൽ ടി സി പ്രവർത്തനം ആരംഭിക്കും. സ്വകാര്യ ആശുപത്രികളിലെ ഫീസുകൾ സർക്കാർ കുറപ്പിച്ചതും ജനങൾക്ക് ഏറെ സ്വാന്തനം നൽകുന്നുണ്ട് .

പൂഞ്ഞാറിലെ നിയുക്ത എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, തന്റെ ആരോഗ്യം വകവയ്ക്കാതെ ദുരിതത്തിലായ ജനങളുടെ സുരക്ഷയ്ക്കായി അക്ഷീണം നടത്തുന്ന സേവന പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്.

കോവിഡ് രണ്ടാം തരംഗമായതോടെ എരുമേലിയിൽ ഇതുവരെ കോവിഡ് രോഗികളുടെ എണ്ണം 400 കടന്നു. മരണപ്പെട്ടവരുടെ എണ്ണം 20 ആണ്. തിങ്കളാഴ്ച മൂന്ന് പേർ മരണപ്പെട്ടു. 550 പേർ നിലവിൽ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. മരണ സംഖ്യ ഉയരുന്നതിൽ ആശങ്ക വ്യാപകമായിരിക്കുകയാണ്.

മുക്കൂട്ടുതറ ക്യാപിറ്റൽ ടെയ്ലെഴ്സ് കട ഉടമ ശശി എറണാകുളത്ത് ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യയും ചികിത്സയിലാണ്.

കനകപ്പലം സ്വദേശി ശ്രീനിപുരം കോളനി മാവുങ്കൽ പുരയിടം കാസിം കുട്ടി ഹൃദ്രോ ഗത്തിന് പുറമെ കോവിഡ് രോഗവുമായതോടെ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു.

കനകപ്പലം രാജീവ് ഭവൻ വട്ടക്കയം സലിം (45) ശ്വാസതടസത്തിന് പുറമെ കോവിഡ് കൂടി ആയതോടെ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഇരുവരുടെയും ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് എരുമേലി നൈനാർ ജുമാ മസ്ജിദിൽ നടന്നു.

കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് നിരോധനാജ്ഞ ഏർപ്പെടുത്തിയ മുക്കൂട്ടുതറയിലും , ഉമ്മിക്കുപ്പയിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞത് ആശ്വാസം പകർന്നിട്ടുണ്ട്. പഴയിടം, കിഴക്കേക്കര, ചേനപ്പാടി വാർഡുകൾക്കായി ചേനപ്പാടി ഗവ. എൽ പി സ്കൂളിൽ കോവിഡ് പരിചരണ കേന്ദ്രം തുറക്കുന്നത് സംബന്ധിച്ച് ആലോചന ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് തല കോവിഡ് അവലോകന യോഗം വിളിച്ചുചേർക്കണമെന്ന ആവശ്യം ശക്തമാണ്.

അതേസമയം എരുമേലിയിലെ സിഎഫ്എൽടിസി യിൽ ഇന്ന് മുതൽ കോൾ സെന്റർ തുടങ്ങുമെന്നും ആംബുലൻസ് ഉൾപ്പെടെ സേവനത്തിനുള്ള വാഹനങ്ങൾ സംബന്ധിച്ച് ഫോൺ നമ്പറുകൾ പ്രസിദ്ധപ്പെടുത്തുമെന്നും പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു. ഇരുമ്പൂന്നിക്കര, തുമരംപാറ, എരുമേലി, പൊരിയന്മല വാർഡുകളിൽ കോവിഡ് ദുരിതാശ്വാസ സഹായമായി വാർഡ് അംഗങ്ങളായ പ്രകാശ് പള്ളിക്കൂടം, ഇ ജെ ബിനോയ്‌, നാസർ പനച്ചി, ലിസി സജി എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ കോവിഡ് ബാധിതരുടെ വീടുകളിൽ എത്തിച്ചു നൽകി.

error: Content is protected !!