മഴക്കെടുതി : നൂറുകണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; വന്യൂ മന്ത്രി കെ. രാജൻ സന്ദർശിച്ചു.

മുണ്ടക്കയം : കൂട്ടിക്കൽ പ്രദേശത്തെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും റവന്യൂ മന്ത്രി കെ. രാജൻ സന്ദർശിച്ചു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, കെ.എം.ജെ. പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകൾ മന്ത്രി സന്ദർശിച്ചു. ജെ.ജെ. മർഫി മെമ്മോറിയൽ സ്‌കൂളിലെ ക്യാമ്പിൽ കഴിയുന്നവർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ദുരിത ബാധിതരോട് സംസാരിച്ച മന്ത്രി വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമിക്കാൻ സർക്കാർ സഹായം ഉണ്ടാകുമെന്ന് ഉറപ്പു നൽകി.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ, ജില്ലാ കളക്ടർ പി.കെ. ജയശ്രീ, എ.ഡി.എം. ജിനു പുന്നൂസ്, കൂട്ടിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി തഹസീൽദാർ കെ.എം. ജോസുകുട്ടി, വില്ലേജ് ഓഫീസർ എം.എസ്. മുഹമ്മദ്, കൂട്ടിക്കൽ ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ബിനോയി ജോസ്, സൗമ്യ ഷമീർ, ജെ.എസ്. മായ, ബിന്ദു മുരളീധരൻ, കെ.എൻ. വിനോദ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, കൊക്കയാർ, പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമാകുന്നു. മൂടിക്കെട്ടിയ അന്തരീക്ഷവും കോടമഞ്ഞും മഴ വീണ്ടും പെയ്യുമെന്ന സൂചനയാണ് നൽകുന്നത്. ചിലയിടങ്ങളിൽ ഉച്ചയ്ക്കുശേഷം മഴ പൂർണമായി നിലച്ചു. പുല്ലകയാറ്റിലും, മണിമലയാറ്റിലും, അഴുതയാറ്റിലും ജലനിരപ്പ് താഴ്ന്നു.

കൂട്ടിക്കൽ പഞ്ചായത്തിലെ ഞർക്കാട്, കൊടുങ്ങ, ഇളംകാട് ടോപ്പ്, തേൻപുഴ ഈസ്റ്റ്, പ്ലാപ്പള്ളി, ചാത്തൻ പ്ലാപ്പള്ളി എന്നീ വാർഡുകളിൽനിന്നുള്ള ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. പ്ലാപ്പള്ളി ഗവ.എൽ.പി. സ്കൂൾ ഉൾപ്പെടുന്ന പ്രദേശം അപകടഭീഷണി ഉള്ളതായതിനാൽ ആ ക്യാമ്പിലെ ആറു കുടുംബങ്ങളിൽനിന്നുള്ള 17 പേരെ കളക്ടറുടെ നിർദേശപ്രകാരം ജെ.ജെ. മർഫി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു.

ക്യാമ്പും കുടുംബങ്ങളുടെ എണ്ണവും : ജെ.ജെ മർഫി -27, കെ.എം.ജെ. സ്കൂൾ- 27 കാവാലി പാരീഷ് ഹാൾ-ഏഴ്‌. മുക്കുളം സെൻറ് ജോർജ് സ്കൂൾ -എട്ട്‌. വടക്കേമല സെൻറ് സെബാസ്റ്റ്യൻ സ്കൂൾ-20, കുറ്റിപ്ലാങ്ങാട് ആറാം കാട് ലയം -നാല്‌.

മുണ്ടക്കയം ഗ്രാമപ്പഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുവെങ്കിലും പ്രശ്നബാധിത മേഖലകളിലെ വീടുകളിൽ താമസിക്കാരില്ലാത്തതിനാൽ ക്യാമ്പിൽ ആളുകൾ എത്തി തുടങ്ങിയിട്ടില്ല.

error: Content is protected !!