വഴിയെന്ന സ്വപ്‌നം യാഥാർഥ്യമാകുമോ ? രോഗികളെയും പ്രായമായവരെയും കസേരയിൽ ചുമന്ന്് ഒരുപറ്റം ആളുകൾ 

04/08/2022 

വാഴൂർ: കനത്ത മഴയിൽ രോഗബാധിതനായി അവശനായ പ്ലാംകടവിൽ ജോസിനെ കസേരയിലിരുത്തി മഴക്കോട്ട് ധരിപ്പിച്ച് നാലുപേർ അരകിലോമീറ്ററോളം ചുമന്നാണ് ഒരു വിധത്തിൽ റോഡരികിലെത്തിച്ചത്. കസേരയിൽനിന്നും എടുത്ത് പൊക്കി വാഹനത്തിൽ കയറ്റി ജീവൻ രക്ഷിക്കാൻ നേരെ മെഡിക്കൽ കോളേജിലേക്ക്. വാഴൂർ പന്ത്രണ്ടാം വാർഡ് മൈലാടുംപാറ അങ്കണവാടിയ്ക്ക് സമീപം ഇത് ആദ്യമല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. 

പ്രദേശത്തെ എട്ടോളം കുടുംബങ്ങളാണ് വഴിയില്ലാത്തതിനാൽ ഇത്തരം ദുരിതം അനുഭവിക്കുന്നത്. തലമുറകളായി ഇവിടെ താമസക്കുന്നവരാണ് പലരും. കൊടുങ്ങൂർ അമ്പലം-ചാമംപതാൽ റോഡിൽനിന്നും രണ്ടു പറമ്പുകളുടെ ഇടയിലൂടെയാണ് ഇവരുടെ നടപ്പാത. പരമ്പരാഗതമായി ഈ വഴിയെ മാത്രം ആശ്രയിക്കുന്നവരാണ് ഇവർ. സ്ത്രീകൾ, പ്രായമായവർ, കുട്ടികൾ തുടങ്ങി പലർക്കും രോഗങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ചുമന്നുകൊണ്ടാണ് ഇവർ റോഡിലെത്തിക്കുന്നത്. കൂടാതെ 93-ാം നമ്പർ മൈലാടുംപാറ അങ്കണവാടിലേക്കുള്ള വഴിയും ഇതുതന്നെ. പ്രധാന റോഡിൽനിന്നും നൂറുമീറ്ററോളം കുട്ടികളുമായി രക്ഷിതാക്കളെത്തുന്നതും ഈ രണ്ടടി നടപ്പാതയിലൂടെ നടന്നാണ്. 

അത്യാവശ്യമുണ്ടായാൽ ഒരു സ്‌കൂട്ടർ പോലും കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. നടപ്പാതയ്ക്ക് ഇരുവശവും സ്വകാര്യവ്യക്തികളുടെ സ്ഥലമാണ്. ഇവർ സ്ഥലം വിട്ടുനൽകിയാൽ മാത്രമെ വഴിയെന്ന സ്വപ്‌നം ഇവർക്ക് പൂവണിയു. പതിറ്റാണ്ടാകളായുള്ള റോഡെന്ന ആവശ്യവുമായി ഇവർ സമീപിക്കാത്ത അധികാരികളും ജനപ്രതിനിധികളുമില്ല. വെറും സാധാരണക്കാരായ ഇവർക്ക് സ്വന്തമായി സ്ഥലം വാങ്ങാനും കഴിവില്ല. ഗർഭിണികളെയടക്കം രണ്ടും മൂന്നും പേർ ചേർന്ന് താങ്ങിയെടുത്തും കസേരയിലിരുത്തിയുമാണ് മുൻപും പലവട്ടം റോഡിലെത്തിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് കാലത്ത് മോഹന വാഗ്ദാനങ്ങളുമായെത്തുന്നവർപോലും പിന്നീട് തിരഞ്ഞുനോക്കിയിട്ടില്ലെന്ന് ഇവർ പറയുന്നു. മറ്റ് മാർഗമില്ലാത്തതിനാൽ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ഇവിടെ തന്നെ കഴിയുന്നു.

error: Content is protected !!