‘ആസാദി കാ അമ്യത് മഹോൽസവ്’ എരുമേലി സെന്റ് തോമസിൽ..
എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആസാദി കാ അമ്യത് മഹോൽസവത്തിന് തുടക്കം കുറിച്ചു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോത്തിന്റെ ഭാഗമായി ചരിത്ര സംബന്ധിയായ മുഹൂർത്തങ്ങൾക്ക് എരുമേലി സെന്റ് തോമസ് വേദിയായി.
1857-ലെ സ്വാതന്ത്ര്യ സമരം മുതൽ ദണ്ഡി യാത്ര, നിസ്സഹകരണ പ്രസ്ഥാനം ഉപ്പുസത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം,1947- ലെ സ്വാതന്ത്ര്യ സമര നേതാക്കൾ തുടങ്ങിയ ചരിത്ര മുഹൂർത്തങ്ങൾ കോർത്തിണക്കി വിവിധ ക്ലാസ്സുകളിലെ കുട്ടികൾ സ്കൂൾ മൈതാനത്ത് ഒരുക്കിയ നിശ്ചല ദൃശ്യങ്ങൾ വിജ്ഞാനപ്രദവും വർണോജ്ജ്വലവുമായിരുന്നു.
ഇന്ത്യയുടെ രൂപമാതൃകയിൽ കുട്ടികൾ വിന്യസിച്ചപ്പോൾ അതിനുള്ളിൽ “നാനാത്വത്തിലെ ഏകത്വം ” വിളിച്ചോതുന്ന സാംസ്‌കാരിക തനിമയാർന്ന വേഷഭൂഷാദികളോടെ 28 സംസ്ഥാനങ്ങളെ പ്രതിനിദാനം ചെയ്യുന്ന വിദ്യാർത്ഥികൾ അണിനിരന്നത് ഇന്ത്യയുടെ പാരമ്പര്യ തനിമ വിളിച്ചോതുന്നതായിരുന്നു. അമൃത മഹോത്സവത്തിന്റെ ഭാഗമായി ‘ 75 ‘ എന്നാ അക്കത്തിൽ കുട്ടികളെ മൈതാനത്ത് അണിനിരത്തി. ത്രിവർണ പതാകയേന്തിയ ഭാരതാംബയെ ഭാരതമധ്യത്തിലേക്ക് ഹെഡ് മിസ്ട്രെസ് ശ്രീമതി. മേഴ്‌സി ജോൺ ആനയിച്ചു. തദവസരത്തിൽ സ്കൂൾ മാനേജർ ഫാ. വർഗീസ് പുതുപ്പറമ്പിൽ അമൃതമഹോത്സവ് സന്ദേശം നൽകി. വിവിധ മത്സരയിനങ്ങളും കലാപരിപാടികളും മാറ്റുകൂട്ടിയ മഹോത്സവത്തിന്, മധുരവിതരണത്തോടുകൂടി ജൂബിലി ആഘോഷങ്ങളുടെ തുടക്കത്തിന് സമാപനം കുറിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഫാ. സിജു സേവ്യർ, അധ്യാപികമാരായ സിസ്റ്റർ. ത്രെസ്സ്യാമ്മ ജോസഫ്, സിനി വർഗീസ് എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.