ബഫർസോൺ : സർക്കാർ ഉത്തരവില്‍ ആശങ്കയും അവ്യക്തതയുമേറെ; മാർ ജോസ് പുളിക്കൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി: വനാതിര്‍ത്തിയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ പാര്‍പ്പിടവും നിര്‍മിതികളും കൃഷിയിടവും കവര്‍ന്നെടുക്കപ്പെടാന്‍ ഇടയാകുന്ന ബഫര്‍ സോണ്‍ നിയമ നീക്കത്തില്‍ സ്ഥിതി വിവരശേഖരണ നടപടി സര്‍ക്കാര്‍ അതിജാഗ്രതയില്‍ അടിയന്തിരമായി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് കെസിബിസി ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെ മന്ത്രിമാര്‍ക്കും വകുപ്പുമേധാവികള്‍ക്കും സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ബഫര്‍സോണില്‍ ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും സ്ഥാപനങ്ങളെയും ഒഴിവാക്കിയതായി ബുധനാഴ്ച ഉത്തരവുണ്ടായെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തതയും ആശങ്കയും ഏറെയുണ്ട്.
സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്നു നിഷ്‌കര്‍ഷിച്ച ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധിയിന്‍മേല്‍ സ്ഥിതിവിവരപഠനം നടത്തുന്നതിന് മുഖ്യവനപാലകരുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കം ഏകപക്ഷീയമാകാന്‍ പാടില്ല. വനംവകുപ്പിനൊപ്പം വനമേഖലയുടെ പരിധിയിലെ റവന്യൂ, കൃഷി, തദ്ദേശ സ്ഥാപന പ്രതിനിധികളും ജനപ്രതിനിധികളും കര്‍ഷകസംഘടനാ പ്രതിനിധികളും സംയുക്തമായി വേണം വനംവകുപ്പിനൊപ്പം വിവരണശേഖരണം നടത്താന്‍. തലമുറകളുടെയും പ്രദേശങ്ങളുടെയും നിലനില്‍നില്‍പ്പിനെ അന്യാധീനപ്പെടുത്തുന്നതാവരുത് ഈ നടപടി. ഓരോ പ്രദേശത്തിനും ജനതതിക്കും സംഭവിക്കാവുന്ന നഷ്ടങ്ങളും പ്രത്യാഘാതങ്ങളും പഠിച്ചശേഷം മാനുഷികനീതിയില്‍ അധിഷ്ഠിമായിരിക്കണം ഇക്കാര്യത്തിലെ അന്തിമ റിപ്പോര്‍ട്ട്.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ജീവനോപാധി ഇല്ലാതാക്കുന്ന നടപടിയെ ചെറുക്കുക വേണം. മനുഷ്യത്വരഹിതവും കിരാതവുമായ നടപടി മലയോര കുടിയേറ്റ ജനതതതിയുടെ വംശഹത്യക്ക് കാരണാക്കുമെന്ന ആശങ്ക ചെറുതല്ല. കേവലം മൂന്നാഴ്ച മാത്രമാണ് വിവരശേഖരണത്തിന് അവശേഷിക്കുന്നതെന്നതും അങ്ങേയറ്റം സംശയത്തോടെയാണ് ഇരകളായി മാറാവുന്നവര്‍ നോക്കാണുന്നത്.
സമയബന്ധിതമായി പഠനറിപ്പോര്‍ട്ട് തയ്യാറാക്കുകയും ചീഫ് സെക്രട്ടറി തലത്തിലുള്ള സമിതിയുടെ വിലയിരുത്തലുകള്‍ക്കുശേഷം സംസ്ഥാനമന്ത്രിസഭ അംഗീകരിച്ചുവേണം ഇത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും എംപവേഡ് കമ്മിറ്റിക്കും തുടര്‍ന്ന് സുപ്രീം കോടതിക്കും നല്‍കേണ്ടതെന്ന് മാര്‍ ജോസ് പുളിക്കല്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വനം വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ ആകാമെന്ന 2019ലെ മന്ത്രിസഭാ യോഗതീരുമാനം അടിയന്തിരമായി റദ്ദാക്കണം. ഇത് നടപ്പായാല്‍ കുടിയേറ്റ മലയോരമേഖലയിലെ പല പട്ടണങ്ങളും ആനേകായിരങ്ങളുടെ കൃഷിയിടങ്ങളും ജീവിതമാര്‍ഗവുമൊക്കെ അന്യാധീനപ്പെടും.
രണ്ടും മൂന്നും തലമുറകളുടെ കഠിനാധ്വാനവും കൈമുതലും കവര്‍ന്നെടുത്ത് തലമുറകളെ പെരുവഴിയിലാക്കുന്ന നീതിരഹിതവുമായ ദുരവസ്ഥ സംഭവിച്ചുകൂടാ. നിലവിലെ സര്‍ക്കാര്‍ നടപടികളില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ട് കെസിബിസിയുടെ ആഭിമുഖ്യത്തില്‍ 61 കര്‍ഷകസംഘടനകള്‍ ചേര്‍ന്നുള്ള കേരള കര്‍ഷക അതിജീവന സംയുക്ത സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ബഫര്‍സോണ്‍ വിഷയത്തില്‍ ഇതുവരെ വനംവകുപ്പ് സ്വകരിച്ച നിലപാടുകളെയും നടപടികളെയും സാധൂകരിക്കുന്നതാണ് ബുധനാഴ്ചത്തെ സര്‍ക്കാര്‍ ഉത്തരവെന്നത് ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ വനംവകുപ്പിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുക വഴി വനം വന്യജീവി സങ്കേതങ്ങളോടു ചേര്‍ന്ന് പാര്‍ക്കുന്ന വ്യക്തികള്‍ക്കും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും നീതി ലഭിക്കുമെന്ന നേരിയ പ്രതീക്ഷപോലും കാണുന്നില്ല.
പരിസ്ഥിതി ലോല വിഷയത്തിലും പട്ടയംപോലുള്ള അവകാശനടപടികളിലും കൈവശ സ്വത്തുവകകള്‍ അനുഭവിക്കുന്നതിലും വന്യജീവി ആക്രമണത്തെ ചെറുക്കുന്നതിലുമൊക്കെ വനംവകുപ്പില്‍ നിന്ന് നീതിനിഷേധമാണുണ്ടാകുന്നതെന്ന അനുഭവപാഠങ്ങളെ മുന്‍നിറുത്തിയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്നുചിന്തിക്കണമെന്ന് ആവശ്യപ്പെടുന്നത്.
സുപ്രീം കോടതി വിധിപ്രകാരം ബഫര്‍ സോണ്‍ മേഖലയിലെ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളും നിലവിലെ സാഹചര്യങ്ങളും സെന്‍ട്രല്‍ എംപവര്‍മെന്റ് കമ്മിറ്റി മുന്‍പാകെ അവതരിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. മന്ത്രിസഭാ തീരുമാനത്തില്‍ ഇക്കാര്യം അറിയിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നതും സംശനിഴലിലാണ് കര്‍ഷസമൂഹം കാണുന്നത്.
ജനവാസമേഖല എന്ന പദത്തിന്റെ കൃത്യവും വ്യക്തവുമായ നിര്‍വചനം ഇപ്പോഴും വ്യക്തമല്ല. നിലവില്‍ സ്ഥിരതാമസമാക്കിയതും ഉപജീവനത്തിനായി കൃഷി ചെയ്യുന്നതുമായ ഇടങ്ങളെല്ലാം ജനവാസമേഖലതന്നെയാണ്. കേരളത്തിലെ ഭൂരിപക്ഷം വന്യജീവി സങ്കേതങ്ങളും വന്യജീവി സംരക്ഷണനിയമം 26 എ വരെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാത്തവയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് നിലവിലുള്ള അധികാരം ഉപയോഗിച്ച് ബഫര്‍ സോണ്‍പ്രതിസന്ധി മറികടക്കാവുന്നതേയുള്ളു.
ഇക്കാര്യം അനാസ്ഥയെന്നോണം വിസ്മരിക്കുന്നതും അനേകരുടെ നിലവില്‍പ്പ് അപകടത്തിലാക്കുന്നതുമാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ്. പൊതുനന്‍മ ഉറപ്പാക്കാന്‍ ബാധ്യസ്ഥരായ സംസ്ഥാന സര്‍ക്കാര്‍ ബഫര്‍സോണ്‍ ബാധിത പ്രദേശങ്ങളില്‍ നിലവിലുള്ള സാഹചര്യം സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റിയെ ബോധ്യപ്പെടുത്തുകയും ഇതിനായി വിവിധ വകുപ്പുകള്‍ ഉള്‍പ്പെട്ട സമിതിയെ നിമിഷം വൈകാതെ ചുമതലപ്പെടുത്തുകയും വേണമെന്നും മാര്‍ ജോസ് പുളിക്കല്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.