നൂറ് വയസ്സ് പിന്നിട്ടിട്ടും രാജ്യസ്നേഹത്തിന്റെ ആവേശം ഒട്ടും ചോരാതെ അബ്ദുൽ കരീം മൗലവി.. കുട്ടികൾ വീട്ടിലെത്തി ആദരിച്ചു..
എരുമേലി : 101 വയസുണ്ടെങ്കിലും ആവേശം തെല്ലും കുറയാതെ സ്വാതന്ത്ര്യസമര കഥകൾ കുട്ടികൾക്ക് വിവരിച്ച് കൊടുത്തുകൊണ്ട് ഓർമകൾക്ക് മങ്ങലില്ലാതെ അബ്ദുൽ കരീം മൗലവി.. രാജ്യം സ്വാതന്ത്ര്യം നേടുന്നത് കണ്ടതിന്റെ കാഴ്ചകൾ കുട്ടികൾക്ക് അദ്ദേഹം പങ്കുവച്ചു.
ചെറുപ്പത്തിൽ താൻ പതിവായി തലയിൽ അണിഞ്ഞിരുന്ന ഗാന്ധി തൊപ്പിയെക്കുറിച്ചും മൗലവി പറഞ്ഞു. കുട്ടികൾ ആകാംഷയോടെ മൗലവിയുടെ പതിഞ്ഞ വാക്കുകൾ കേട്ടുനിന്നു. അവരുടെ മനസിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യം കിട്ടിയ ദിവസം തെളിയുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വീട്ടിൽ ആദരിക്കാനെത്തിയ വാവർസ്കൂളിലെ കുട്ടികളോടാണ് മൗലവി തന്റെ ഓർമകൾ പങ്ക് വെച്ചത്.
എരുമേലി നൈനാർ ജുമാ മസ്ജിദിലെ ചീഫ് ഇമാം ആണ് ഹാജി ടി എസ് അബ്ദുൽ കരീം മൗലവി. പിതാവിന് ശേഷം ഏഴ് പതിറ്റാണ്ടിലേറെയായി ഇമാം സ്ഥാനത്ത് തുടരുന്ന മൗലവി പ്രായാധിക്യം മൂലം ഏതാനും വർഷമായി വീട്ടിൽ വിശ്രമത്തിലാണ്. ഒരേ പള്ളിയിൽ വർഷങ്ങളോളം ഇമാമായി തുടരുന്ന അപൂർവം മത പുരോഹിതരിൽ ഒരാളാണ് മൗലവി. പഴയ തലമുറയിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ കാഴ്ചകൾ നേരിൽ കണ്ടവരിൽ എരുമേലിയുടെ ചരിത്രം അറിയാവുന്ന ഓർമപുസ്തകം കൂടിയാണ് മൗലവി. മതപഠനത്തിനു പോകുന്നതിനുമുമ്പ് ഗാന്ധിത്തൊപ്പി സ്ഥിരമായി അണിയുമായിരുന്നെന്ന് മൗലവി കുട്ടികളോട് പറഞ്ഞു. സ്വാതന്ത്ര്യദിനഘോഷയാത്രയിൽ പങ്കെടുക്കുമായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് രാജ്യം ദുരിതത്തിലായിരുന്നു. പിന്നെ എല്ലാ മേഖലകളിലും ഭാരതം പുരോഗതിയിലേക്കുയർന്നെന്നും മൗലവി പറഞ്ഞു.
വാവർ സ്കൂളിന്റെ സ്ഥാപനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മൗലവിയെയും ഭാര്യയെയും ഒന്നിച്ചിരുത്തി കുട്ടികൾ ആദരിച്ചു. മൗലവിയെ പൊന്നാട അണിയിച്ച് സ്കൂൾ മാനേജ്മെന്റ് ഭാരവാഹികൾ ആദരിച്ചു. അദ്ധ്യാപകരും കുട്ടികളും ചേർന്ന് മെമെന്റോ നൽകി. സ്കൂൾ മാനേജരും ജമാഅത്ത് പ്രസിഡന്റുമായ പി എ ഇർഷാദ്, സി എ എം കരിം സി യൂ അബ്ദുൾകരിം, സ്കൂൾ ഹെഡ്മിസ്ട്രസ് ഫൗസിയ ബീവി തുടങ്ങിയവർ പങ്കെടുത്തു.