കാഞ്ഞിരപ്പള്ളി ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷം ..
കാഞ്ഞിരപ്പള്ളി∙മൂന്നു മാസങ്ങൾക്കു മുൻപ് പഞ്ചായത്ത് ട്രാഫിക് കമ്മിറ്റി തീരുമാനിച്ച ഗതാഗത പരിഷ്കാരങ്ങൾ ടൗണിൽ നടപ്പാക്കിയില്ല.ദേശീയ പാത നവീകരിച്ചിട്ടും സീബ്രാലൈൻ ഉൾപ്പടെയുള്ള ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ല. ഗതാഗതക്കുരുക്കും അപകടവും പതിവാകുന്നു.
പേട്ടക്കവലയിൽ പുതിയതായി സ്ഥാപിച്ച ഓട്ടമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനവും ബസ് കാത്തിരിപ്പു കേന്ദ്രവും അടുത്തടുത്തു വന്നത് ജംക്‌ഷനിലെ ഗതാഗതം അവതാളത്തിലാക്കി. ഇതോടെ ട്രാഫിക് സിഗ്നൽ ലൈറ്റ് നിർത്തിവച്ചിരിക്കുകയാണ്.ഇവിടത്തെ ബസ് സ്റ്റോപ്പുകൾ പുനക്രമീകരിച്ച ശേഷം സിഗ്നൽ ലൈറ്റ് പ്രവർത്തിപ്പിക്കാനാണു തീരുമാനം.
കോട്ടയം ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ് കാൾടെക്‌സ് പെട്രോൾ പമ്പിന് എതിർവശത്ത് കെഎസ്എഫ്ഇ ശാഖയ്ക്കു മുന്നിലേക്ക് മാറ്റാനും മുണ്ടക്കയം എരുമേലി ഭാഗത്തേക്കുള്ള ബസുകൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നു 25 മീറ്റർ മുന്നോട്ടു മാറ്റി നിർത്താനുമാണ് ട്രാഫിക് കമ്മിറ്റിയിലെ നിർദേശം.
ദേശീയപാത റീടാർ ചെയ്തു കഴിഞ്ഞിട്ടും ടൗണിൽ സീബ്രാ വരകൾ വരച്ചിട്ടില്ലാത്തത് കാൽനട യാത്രക്കാർക്കു ദുരിതമായിട്ടുണ്ട്.പേട്ടക്കവല,ബസ് സ്റ്റാൻഡ് ജംക്‌ഷൻ,മിനി സിവിൽ സ്റ്റേഷനു മുൻവശം,കുരിശുങ്കൽ എന്നിവിടങ്ങളിലുണ്ടായിരുന്ന സീബ്രാ വരകളാണ് റീടാറിങ്ങോടു കൂടി മാഞ്ഞു പോയത്.യാത്രക്കാർ ഏറെ നേരം കാത്തു നിന്നു വേണം റോഡിന്റെ മറുവശത്തേക്ക് കടക്കാൻ.റോഡിന്റെ ഇരുവശങ്ങളിലും അതിർത്തി നിർണയിക്കുന്ന വരകൾ ഇല്ലാത്തതിനാൽ പാർക്കിങ്ങും തോന്നിയ പടിയാണ് .