വീണ്ടുമൊരു സ്കൂൾ കാലം
കാഞ്ഞിരപ്പള്ളി ∙ തോളോടു തോൾ ചേർന്നിരുന്ന ബെഞ്ചിൽ ഇന്നലെ അവർ തനിച്ചിരുന്നു. ഏറെ നാളുകൾക്കു ശേഷം കണ്ടുമുട്ടിയ കൂട്ടുകാരുടെ മുഖത്തെ ചിരിയും ഭാവവും പരസ്പരം കാണാൻ കഴിയാത്ത വിധം മുഖാവരണവും. പതിവു ക്ലാസ് മുറിയിൽ നിന്നും വ്യത്യസ്തമായ സാഹചര്യമാണെങ്കിലും മാസങ്ങൾക്കു ശേഷം സ്കൂളിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാർഥികൾ.
ചിറക്കടവ് എസ്ആർവി എൻഎസ്എസ് വിഎച്ച്എസ്എസിൽ അകലം പാലിച്ചുള്ള ക്ലാസ്.
എല്ലാ സ്കൂളുകളിലും അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസുകൾ ക്രമീകരിച്ചത്. 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ക്ലാസ് ആരംഭിച്ചത്.രക്ഷിതാക്കളുടെ സമ്മതപത്രവുമായാണു വിദ്യാർഥികൾ എത്തിയത്. തെർമൽ സ്കാനർ ഉപയോഗിച്ച് വിദ്യാർഥികളെ പരിശോധിച്ച ശേഷം സാനിറ്റൈസർ നൽകിയാണ് ക്ലാസിലേക്കു പ്രവേശിപ്പിച്ചത്.
സെന്റ് ഡൊമിനിക്സ് സ്കൂളിൽ 10, 12 ക്ലാസുകൾ രണ്ട് ബാച്ചുകളായാണു നടത്തുന്നത്. ഒരു ബെഞ്ചിൽ ഒരു വിദ്യാർഥിയെ മാത്രമാണ് ഇരുത്തിയത്. പത്താം ക്ലാസ് ആദ്യ ബാച്ചിലെ വിദ്യാർഥികൾക്ക് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും രണ്ടാം ബാച്ച് വിദ്യാർഥികൾക്ക് ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെയുമാണ് ക്ലാസ് നടത്തുന്നത്.
12-ാം ക്ലാസിലെ വിദ്യാർഥികൾക്ക് രാവിലെ 9ത് മുതൽ 12 വരെയും ഉച്ചയ്ക്ക് ഒന്നു മുതൽ നാലു വരെയുമാണ് ക്ലാസ്. രാവിലത്തെ ക്ലാസിനു ശേഷം ക്ലാസ് മുറികൾ അണുനശീകരണം നടത്തിയാണ് അടുത്ത ബാച്ചിലെ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത്. സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ 152 വിദ്യാർഥികളും എത്തി. രണ്ട് ബാച്ചുകളായാണു ക്ലാസ് നടത്തുന്നത്.
രാവിലെ 9.30 മുതൽ12.30വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെയുമാണ് ക്ലാസ്.രാവിലത്തെ ക്ലാസ് കഴിയുമ്പോൾ അണുനശീകരണം നടത്തിയ ശേഷമാണ് അടുത്ത ബാച്ച് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. സ്കൂളിലെ ഓഡിറ്റോറിയത്തിൽ വിദ്യാർഥികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പേട്ട ഗവ.ഹൈസ്കൂളിലും പത്താം ക്ലാസിൽ ഒരാൾ ഒഴികെ എല്ലാ വിദ്യാർഥികളും ഇന്നലെ എത്തി.
പൊൻകുന്നം ∙ കോവിഡ് കാലത്തിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂൾ തുറന്നപ്പോൾ ആഹ്ളാദത്തിനൊപ്പം ആശങ്കയുടെ നിഴലിൽ വിദ്യാർഥികൾ. നീണ്ട ഇടവേളയ്ക്കു ശേഷം കൂട്ടുകാരെ നേരിൽ കണ്ടതിന്റെ സന്തോഷം കോവിഡ് നിയന്ത്രണത്തിൽ അകലം പാലിക്കേണ്ടി വന്നത് സങ്കടമായെങ്കിലും കുട്ടികളെല്ലാം ‘ ഹാപ്പി മൂഡിലായായിരുന്നു.’ രാവിലെയും ഉച്ചകഴിഞ്ഞും 2 ഷിഫ്റ്റായാണു ക്ലാസ് നടത്തിയത്.
ചിറക്കടവ് എസ്ആർവി എൻഎസ്എസ് വിഎച്ച്എസ്എസിൽ 10–ാം ക്ലാസിൽ 78 കുട്ടികൾ സ്കൂളിലെത്തി. ആകെയുള്ള 82 കുട്ടികളാണുള്ളത്. പനമറ്റം ഗവ.എച്ച്എസ്എസിൽ ഹാജർ 100% ആയിരുന്നു. 10–ാം ക്ലാസിൽ 89 കുട്ടികളും ഹയർ സെക്കൻഡറിയിൽ 90 കുട്ടികളും ഹാജരായി. പൊൻകുന്നം ഗവ.എച്ച്എസ്എസിൽ 10–ാം ക്ലാസിലെ 14 പേരിൽ 12 പേരും ഹയർ സെക്കൻഡറിയിൽ 119 പേരും ഹാജരായി.ഇളങ്ങുളം സെന്റ് മേരീസ് എച്ച്എസിലെ 56 പേരിൽ 53 പേർ ക്ലാസിൽ പങ്കെടുത്തു. 3 പേർ ക്വാറന്റീനിലാണ്.