പാതയോരങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു
കാഞ്ഞിരപ്പള്ളി∙ പാതയോരങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു. അടുക്കളമാലിന്യങ്ങൾ മുതൽ ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ വരെയാണ് ഇപ്പോൾ വഴിയരുകിലെ പതിവു കാഴ്ചകൾ. ദേശീയപാത 183, കാഞ്ഞിരപ്പള്ളി–എരുമേലി റോഡ്, കാഞ്ഞിരപ്പള്ളി– തമ്പലക്കാട് റോഡ്, പാറത്തോട്– പിണ്ണാക്കനാട് റോഡ്, ആനക്കല്ല് –പൊടിമറ്റം റോഡ്, പൊടിമറ്റം, അഞ്ചിലവ്, പൂഴിത്തറ തുടങ്ങിയ റോഡുകളുടെ വശങ്ങളിലാണു മാലിന്യനിക്ഷേപങ്ങൾ പതിവാകുന്നത്.
ഭക്ഷണാവശിഷ്ടങ്ങൾ, അറവുമാലിന്യങ്ങൾ തുടങ്ങിയവ ചാക്കുകളിലും, പ്ലാസ്റ്റിക് കൂടുകളിലും കെട്ടിയാണു വഴിയരുകിൽ തള്ളുന്നത്. വീടുകളിൽ ഉപയോഗയോഗ്യമല്ലാതാകുന്ന ഗൃഹോപകരണങ്ങൾ, ഇവയുടെ പാർട്സുകൾ, വിവിധ സ്ഥാപനങ്ങളിലെ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ, പഴയ കെട്ടിടങ്ങൾ പൊളിച്ച കോൺക്രീറ്റ് അവശിഷ്ടങ്ങൾ തുടങ്ങി കാലപ്പഴക്കത്താൽ നശിച്ച് ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ വരെയുണ്ടു നിരത്തുവക്കുകളിൽ.
ദേശീയ പാത 183ൽ, പൂതക്കുഴി ഭാഗത്തും ചോറ്റിയ്ക്കും ചിറ്റടിക്കുമിടെയുള്ള സ്ഥലത്താണു പഴകിദ്രവിച്ച വാഹനങ്ങൾ കിടക്കുന്നത്. രാത്രിയിൽ ഇരുട്ടിന്റെ മറവിലാണ് ഇവ കൊണ്ടുവന്നുതള്ളുന്നത്. പൊടിമറ്റം, അഞ്ചിലവ്, പൂഴിത്തറ റോഡരികിൽ കഴിഞ്ഞ ദിവസം കേറ്ററിങ് സ്ഥാപനത്തിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിച്ചതു നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. ദുർഗന്ധം മൂലം ഇതുവഴിയുള്ള യാത്രപോലും ദുരിതപൂർണമാണെന്നു നാട്ടുകാർ പറഞ്ഞു. മാലിന്യങ്ങൾ ശേഖരിച്ചു തള്ളുന്നതിനു ക്വട്ടേഷൻ സംഘങ്ങളുണ്ടത്രേ.
അറവുശാലകളിലെയും മൽസ്യ മാംസ വിൽപന കേന്ദ്രങ്ങൾ, ഹോട്ടലുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലെയും മാലിന്യങ്ങളും സെപ്റ്റിക് ടാങ്കുകളിൽനിന്നുള്ള മാലിന്യങ്ങളും ഏറ്റെടുക്കുന്ന സംഘങ്ങളാണ് ഇത്തരം അലക്ഷ്യമായ മാലിന്യനിക്ഷേപത്തിനു പിന്നിലെന്നു പൊലീസ് കരുതുന്നു. സുരക്ഷിതമായി നിർമാർജ്ജനം ചെയ്യാമെന്നു വാഗ്ദാനം നൽകി പണം വാങ്ങി ഇവ ശേഖരിക്കും. ഇവ ചാക്കുകളിലും പ്ലാസ്റ്റിക് കൂടുകളിലും കെട്ടി വാഹനങ്ങളിൽ കയറ്റി രാത്രിസമയങ്ങളിൽ ആളൊഴിഞ്ഞ പറമ്പുകളിലും പാതയോരങ്ങളിലും ആരും കാണാതെ തള്ളിയശേഷം ഇവർ കടന്നുകളയും. സെപ്റ്റിക് ടാങ്കുകളിൽനിന്നുള്ള മലിനജലം ടാങ്കറുകളിൽ ശേഖരിച്ചശേഷം ഇവയും ആളൊഴിഞ്ഞ പ്രദേശങ്ങളിലും തോടുകളിലും രാത്രിയിൽ കൊണ്ടുപോയി ഒഴുക്കുകയാണു ചെയ്യുന്നത്.