പട്ടയവിതരണം: താലൂക്കിൽ പ്രത്യേക ഓഫീസ് തുറക്കണം-എൽ.ഡി.എഫ്.
കാഞ്ഞിരപ്പള്ളി: താലൂക്കിലെ വിവിധ ഹിൽമെൻ സെറ്റിൽമെന്റ് പ്രദേശങ്ങളിലെ കൈവശ ഭൂമിക്ക് പട്ടയ വിതരണം വേഗത്തിലാക്കാൻ പ്രത്യേക ഓഫീസ് തുറന്ന് തഹസിൽദാരെ നിയമിക്കണമെന്ന് എൽ.ഡി.എഫ്.പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
എരുമേലി തെക്ക് വില്ലേജിലെ എയ്ഞ്ചൽവാലി, കണമല, പമ്പാവാലി പ്രദേശങ്ങളിലെ ഭൂപ്രശ്‌നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം. ഹിൽമെൻ സെറ്റിൽമെന്റ് പ്രദേശങ്ങളിലെ കൈവശഭൂമിക്ക് പട്ടയം നൽകാൻ എൽ.ഡി.എഫ്. സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് സ്വാഗതാർഹമാണ്. ഈ ഉത്തരവ് സമയബന്ധിതമായി നടപ്പാക്കാൻ പ്രത്യേക ഓഫീസ് തുറന്ന് ഉദ്യോഗസ്ഥരെ നിയമിക്കണം. പട്ടയ നടപടികൾക്ക് മുന്നോടിയായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് അഭിപ്രായങ്ങൾ തേടുന്നതിന് നടപടി സ്വീകരിക്കും.
ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും നിവേദനം നൽകുമെന്ന്് സി.പി.എം. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷ്, ജില്ലാ എക്‌സിക്യൂട്ടീവംഗം കെ.ടി.പ്രമദ്, കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം ജോർജുകുട്ടി ആഗസ്തി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.