കരുതലായി ചെത്തിപ്പുഴ ഹോസ്പിറ്റൽ: മണിമലയ്ക്ക് ഇത് അഭിമാനം
മണിമല: മണിമല പ്രദേശവാസികളുടെ ആരോഗ്യപരിപാലനത്തിന് ഇനി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ കരുതലും കാവലും. നാടിന്റെ ആരോഗ്യപരിപാലനരംഗത്ത് മണിമല ഹോളി മെയ്ജൈ ഫൊറോന ഇടവകയുടെ പുതുവത്സര സമ്മാനമായി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ സബ്സെന്ററിന്റെ വെഞ്ചരിപ്പ് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും സഹായമെത്രാൻ മാർ തോമസ് തറയിലും ചേർന്ന് നിർവഹിച്ചു.
വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് മംഗലത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് പുതിയിടം, ഫാ. ജയിംസ് കുന്നത്ത്, സിഎംസി ചങ്ങനാശേരി പ്രൊവിൻഷ്യാൾ സിസ്റ്റർ പ്രസന്ന, ഫാ. ജിജോ മറാട്ടുകളം, മണിമല പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി. സൈമൺ, വൈസ് പ്രസിഡന്റ് അതുല്ല്യാ ദാസ്, മെംബർമാരായ പി.ജെ. ജോസഫ് കുഞ്ഞ്, സജി പുറ്റുമണ്ണിൽ, സിറിൽ തടത്തിപറമ്പിൽ എന്നിവർ പങ്കെടുത്തു.
മണിമല, വെള്ളാവൂര്‍, കറിക്കാട്ടൂര്‍, പഴയിടം, പൊന്തന്‍പുഴ, കോട്ടാങ്ങാല്‍ ഉള്‍പ്പെടെ ഗ്രാമീണമേഖലയിൽ ചികിത്സാലയങ്ങള്‍ പരിമിതമായിരിക്കുന്ന സാഹചര്യത്തില്‍ സെന്റ് തോമസ് ആശുപത്രിയുടെ സേവനം നാടിനു വലിയ നേട്ടമാകുമെന്ന് ഹോളി മെയ്ജൈ ഫൊറോന വികാരി ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍ പറഞ്ഞു. മുന്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷനും മനുഷ്യകാരുണ്യത്തിന്റെ മുഖവുമായിരുന്ന മാര്‍ മാത്യു കാവുകാട്ടിന്റെ ദീര്ഘവീക്ഷണത്തില് 1953ല്‍ 20 കിടക്കകളുമായി ചെത്തിപ്പുഴയില്‍ തുടങ്ങിയ സെന്റ് തോമസ് ആശുപത്രി ആരോഗ്യപരിപാലനത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു.
തലമുറകള്‍ക്ക് ആയുസും ആരോഗ്യവും പകരുന്ന സെന്റ് തോമസ് ആശുപത്രിയുടെ സേവനം മണിമല പ്രദേശത്തിന് നേട്ടമാകുമെന്നും ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍ പറഞ്ഞു.
സബ്സെന്ററിന് ഘട്ടംഘട്ടമായി മൾട്ടി സ്പെഷാലിറ്റി നിലവാരത്തിലേക്ക് ഉയർത്തും. ആരംഭത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും മുഴുവൻ സമയ ഡോക്ടർമാരെയും ക്രമീകരിക്കും.
എക്സ്റേ, ലാബ്, ഫാർമസി സൗകര്യങ്ങളൊരുക്കും. ഏഴു ഡിപ്പാർട്ടുമെന്റുകളിലായി പത്തോളം ഡോക്ടർമാരു ടെ സേവനം ആദ്യഘട്ടത്തിൽ ലഭ്യമാക്കും.