അനധികൃത പാർക്കിംഗും അറവുമാടുകളും; കാൽനടയാത്രക്കാർ ദുരിതത്തിൽ
കാഞ്ഞിരപ്പള്ളി: ദേശീയ പാത 183-ൽ അനധികൃത പാർക്കിംഗും പാതയോരത്ത് അറവുമാടുകളെ കെട്ടിയിടുന്നതും കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. കൂടാതെ ആക്രിസാധനങ്ങളും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും റബർ ഫാക്ടറികളിലെയും മറ്റും വേസ്റ്റുകളുമടക്കം കൂട്ടിയിടുന്നതും വ്യാപകമാണ്. ഇതിനാൽ പലപ്പോഴും കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണുള്ളത്. വാഹനങ്ങൾ വരുന്പോൾ ഇവർക്ക് വശങ്ങളിലേക്ക് മാറാൻ സാധിക്കാതെ വരുകയും പലപ്പോഴും അപകടങ്ങളിൽപ്പെടുകയും ചെയ്യുന്നു.
ആളുകൾ നടന്നു പോകുന്ന വഴിയരികിൽ അറവുമാടുകളെ പതിവായി കെട്ടിയിടുന്നതിനാൽ ഇവിടെ ചാണകവും ചെളിയും നിറഞ്ഞ് ആളുകൾക്ക് നടന്നു പോകാൻ കഴിയാത്ത് സ്ഥിതിയാണുള്ളത്. ഇതിനെതിരേ കഴിഞ്ഞയിടെയും നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം പാറത്തോട്ടിൽ നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റിയിരുന്നു. അപകടത്തിന് ഇടയാക്കിയത് പാതയോരത്തെ അലക്ഷ്യമായ വാഹന പാർക്കിംഗും പാതയോരത്ത് അറവുമാടുകളെ കെട്ടിയിടുന്നതുമാണെന്ന് നാട്ടുകാർ ആരോപിച്ചു. അപകടമുണ്ടായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ മറുവശത്ത് ചെളിയും ചാണകവും കിടന്നിരുന്നതിനാലാണ് വിദ്യാർഥിനി മറു വശത്തുകൂടി കാറിനോടു ചേർന്നു നടന്നത്.
ഈ സമയത്താണ് കാർ നിയന്ത്രണം വിട്ടെത്തി വിദ്യാർഥിനിയെ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നു പോലീസ് അറിയിച്ചു.
ദേശീയ പാതയോരത്തെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനു ദേശീയപാത വിഭാഗം തയാറായെങ്കിലും അനധികൃത പാർക്കിംഗിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ഇതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്കും ദേശീയപാത അധികൃതർക്കും പാറത്തോട് വികസന സമിതി പരാതി നൽകിയിരുന്നതായി ചെയർമാൻ പി.എം. തന്പിക്കുട്ടി അറിയിച്ചു. അപകടങ്ങൾ നിയന്ത്രിക്കുന്നതിനായി പാതയോരങ്ങളിൽ വേഗത നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. പാതയോരങ്ങളിൽ കാടുകയറിക്കിടക്കുന്നത് വെട്ടി ത്തെളിക്കാത്തതും പലപ്പോഴും അപകടത്തിന് കാരണമാകുന്നു.
പരിക്കേറ്റ വിദ്യാർഥിനി
അപകടനില തരണംചെയ്തു
കഴിഞ്ഞ ദിവസം പാറത്തോട്ടിൽ നിയന്ത്രണം വിട്ട കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിനി ഷാനി സാബു അപകടനില തരണം ചെയ്തു. എങ്കിലും ഇരുകാലുകൾക്കുമുണ്ടായ ഗുരുതര പരിക്കുകൾ ഭേദമാക്കാൻ ഇനിയും രണ്ടു ശസ്ത്രക്രിയകൾ കൂടി അടിയന്തരമായി ആവശ്യമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഇന്നലെ രാത്രി ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇടുപ്പെല്ലിനു പൊട്ടലുണ്ടായി സാരമായി പരിക്കേറ്റു. തുടയെല്ലുകൾ പൊട്ടുകയും ഞരന്പുകൾക്കു സാരമായ മുറിവുകളേൽക്കുകയും ചെയ്തു.
അപകടത്തിൽ ഇരുകാറുകൾക്കും ഇടയിൽ ഞെരിഞ്ഞമർന്ന ഷാനിയുടെ കാലുകൾക്കാണ് ഗുരുതര പരിക്കുകളേറ്റത്. അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന പെരുവന്താനം 36ാം മൈൽ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.