തിയറ്ററുകളിൽ തിരശീല ഉയർന്നു
കാഞ്ഞിരപ്പള്ളി: പത്ത് മാസത്തിനു ശേഷം തിയറ്ററുകളിൽ ഇന്നലെ തിരശീല ഉയർന്നു. കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊൻകുന്നം ഫോക്കസും മുണ്ടക്കയം ആർഡി സിനിമാസുമാണ് ഇന്നലെ തുറന്ന് പ്രവർത്തിച്ചത്. ഇതോടൊപ്പം ടൗണുകളിലെ ചുമരുകളിൽ പത്ത് മാസത്തിന് ശേഷം സിനിമ പോസ്റ്ററുകൾ നിറഞ്ഞു. ഓണവും വിഷുവും പെരുന്നാളും ക്രിസ്മസും ഉൾപ്പെടെ നീണ്ട ഒരു വർഷക്കാലത്തിന്റെ നഷ്ടത്തിന് ശേഷമാണ് തിയറ്ററുകൾ തുറന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 13 നായിരുന്നു തിയറ്റർ അടച്ചുപൂട്ടിയത്. രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഒന്നിടവിട്ട സീറ്റുകളിലാണ് ആളുകളെ ഇരുത്തിയത്. ഈ രീതിയിലാണ് ടിക്കറ്റുകളും നല്‍കിയത്. കൂടാതെ ഓരോ ഷോ കഴിയുമ്പോഴും അണുനശീകരണവും നടത്തി. തെര്‍മല്‍ സ്കാനർ, സാനിറ്റൈസര്‍ എന്നിവയും സജ്ജീകരിച്ചിരുന്നു. തിയറ്ററിലെത്തുന്നവര്‍ മാസ്ക് ധരിച്ചിട്ടുണ്ടോയെന്നു പരിശോധിച്ച ശേഷമാണ് അകത്ത് പ്രവേശിപ്പിച്ചത്. കൂടാതെ തിയറ്ററുകളില്‍ കൂട്ടംകൂടി നിൽക്കാനും ആരേയും അനുവദിച്ചില്ല.
ആദ്യഘട്ടത്തില്‍ ദിവസേന മൂന്നു ഷോയാണ് ഉള്ളത്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. വരും ദിവസങ്ങളില്‍ ഇതു വര്‍ധിപ്പിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് തിയറ്റർ ഉടമകൾ. അതേസമയം, ഏറ്റവുമധികം ആളുകളെത്തുന്ന സെക്കന്‍ഡ് ഷോ ഇല്ലാത്തത് തിയറ്റര്‍ മേഖലയെ സാമ്പത്തികമായി ബാധിക്കുമെന്ന് ഉടമകൾ പറയുന്നു.
വരും ദിവസങ്ങളില്‍ മലയാള സിനിമയടക്കം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 22ന് ജയസൂര്യ നായകനാവുന്ന ‘വെള്ള’മാണ് സംസ്ഥാനത്ത് ആദ്യമെത്തുന്ന മലയാള സിനിമ.