പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ : പൊന്തൻപുഴയിലെ ഓടനിർമാണം അശാസ്ത്രീയമെന്നു നാട്ടുകാർ
പൊന്തൻപുഴ: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ പുനർ നിർമാണവുമായി ബന്ധപ്പെട്ട് മണിമല പഞ്ചായത്തിലെ പൊന്തൻപുഴയിൽ നടക്കുന്ന പ്രവർത്തനങ്ങൾ അശാസ്ത്രീയമാണെന്നാരോപിച്ച് പൗരസമിതിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പരാതി നൽകി.
പൊന്തൻപുഴ കവലയിലും തുടർന്ന് മണിമല ഭാഗത്തേക്ക് മുന്നൂറ് മീറ്ററോളം ഭാഗത്തും പ്രീകാസ്റ്റ് ഓടകൾ (റെഡിമേഡ്) സ്ഥാപിച്ചാണ് നിർമാണം നടത്തുന്നത്. നിലവിൽ ഉയർന്ന നിരപ്പുള്ള ഇവിടെ വീണ്ടും ഉയരം കൂട്ടിയാണ് ഓടകൾ നിർമിക്കുന്നത്. ഇത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണിച്ച് പൊൻകുന്നം കെഎസ്ടിപി അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് താത്ക്കാലികമായി നിർമാണം നിർത്തിവച്ചിരിക്കുയാണ്.
നിലവിൽ ഉയർന്ന സ്ഥലത്ത് വീണ്ടും ഉയരംകൂട്ടി പണിയുന്നതിനാൽ ബാങ്ക്, പോസ്റ്റ് ഓഫീസ്, വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പൂർണമായും തടസപ്പെടുന്ന അവസ്ഥയാണ്.
താഴ്ന്ന സ്ഥലം ഉയർത്താതെയും ഉയർന്ന സ്ഥലം ആനുപാതികമായി താഴ്ത്താതെയും ഓടകൾ പൊക്കിവച്ചുള്ള നിർമാണം ശാസ്ത്രീയമല്ല. ഇത് പൊതുജനങ്ങൾക്കും വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങളും ബുദ്ധിമുട്ടും ഉണ്ടാക്കും. കൂടാതെ ആവശ്യത്തിന് വീതിയെടുക്കാവുന്ന പൊന്തൻപുഴ കവല ഭാഗത്ത് വീതിയില്ലാതെയും ഓടകൾ സ്ഥാപിച്ചു വരികയാണ്. ഇതും പരിഹരിക്കപ്പെടേണ്ടതാണെന്നും പ്രശ്നത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.