അരയാഞ്ഞിലിമണ്ണ് നടപ്പാലം: നിർമാണം ഉടനെന്ന് മന്ത്രി എംഎൽഎയ്ക്ക് ഉറപ്പ് നൽകി
അരയാഞ്ഞിലിമണ്ണ് നടപ്പാലം: നിർമാണം ഉടനെന്ന് മന്ത്രി എംഎൽഎയ്ക്ക് ഉറപ്പ് നൽകി
എരുമേലി ∙ അരയാഞ്ഞിലിമണ്ണ് നടപ്പാലത്തിന്റെ നിർമാണത്തിനുള്ള കുരുക്കുകൾ അഴിയുന്നു. പാലത്തിന്റെ നിർമാണത്തിന് സർക്കാർ അംഗീകൃത പ്രോജക്ട് മാനേജ്മെന്റ് കമ്മിറ്റികളിൽ നിന്ന് കരാർ ക്ഷണിക്കുമെന്നു മന്ത്രി ഒ.ആർ.കേളു, പ്രമോദ് നാരായൺ എംഎൽഎയെ അറിയിച്ചു.
നിയമസഭയിൽ സബ്മിഷനു മറുപടിയായിട്ടാണ് തടസ്സം നീങ്ങിയെന്നു മന്ത്രി അറിയിച്ചത്. അരയാഞ്ഞിലിമണ്ണിൽ ചെറിയ വാഹനങ്ങൾക്കു കൂടി കടന്നു പോകാവുന്ന ഇരുമ്പ് പാലം നിർമിക്കുന്നതിന് 2.69 കോടി രൂപയാണ് പട്ടികവർഗ ക്ഷേമ വകുപ്പ് അനുവദിച്ചിരിക്കുന്നത്. പാലത്തിന്റെ നിർമാണം പൊതുമരാമത്ത് വകുപ്പ് ചെയ്യണമെന്ന് പട്ടികവർഗ ക്ഷേമ വകുപ്പ് നിഷ്കർഷിച്ചിരുന്നു. ഇതേ തുടർന്ന് പിഡബ്ല്യുഡി അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ ഇരുമ്പും കോൺക്രീറ്റും ഉപയോഗിച്ചുള്ള നിലവിലെ രൂപ രേഖയിലുള്ള നിർമാണം തങ്ങൾക്ക് അപ്രാപ്യമാണെന്നു ചീഫ് എൻജിനീയർ രേഖാമൂലം മറുപടി നൽകിയിരുന്നു.ഇക്കാര്യം എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ചപ്പോഴാണു പാലത്തിന്റെ നിർമാണം ഉടനെ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയത്.
അരയാഞ്ഞിലിമണ്ണ് ∙ നടപ്പാലം യാഥാർഥ്യമാക്കുന്നത് സംബന്ധിച്ച് തുടർനടപടികൾ ചർച്ച ചെയ്യാൻ ജനകീയ പാലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ 3.30 ന് സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ പൊതുയോഗം ചേരും.