കാഞ്ഞിരപ്പള്ളി രൂപതാദിനം അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയിൽ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ 48-ാംരൂപതാദിനം അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയിൽ ( തിങ്കൾ, മെയ് 12 ) നടത്തപ്പെടും. രാവിലെ 9.30 ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അർപ്പിക്കുന്ന പരിശുദ്ധ കുർബാനയിൽ രൂപതയിലെ വൈദികഗണം, ഇടവക പ്രതിനിധികൾ, സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും രൂപതാതല ഭാരവാഹികൾ, സന്യസ്ത പ്രതിനിധികൾ, രൂപത പാസ്റ്ററൽ കൗൺസിലംഗങ്ങൾ, രൂപതയിലെ വൈദിക വിദ്യാർത്ഥികൾ എന്നിവർ പങ്കുചേരും.
തുടർന്ന് നടത്തപ്പെടുന്ന പ്രതിനിധി സമ്മേളനത്തിൽ മലങ്കര സഭയുടെ പത്തനംതിട്ട രൂപതാധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ് മുഖ്യാതിഥിയായിയിരിക്കും. മാർ മാത്യു അറക്കൽ സന്ദേശം നല്കും. ഔദ്യോഗിക ശുശ്രൂഷ ജീവിതം പൂർത്തിയാക്കുന്ന മോൺസിഞ്ഞോർ ജോർജ് ആലുങ്കൽ, ഫാ. ഇമ്മാനുവൽ മങ്കന്താനം,ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ എന്നിവരെയും സഭയിലും സമൂഹത്തിലും മികച്ച സംഭാവനകൾ നൽകി നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിക്കും.
രൂപതാദിനാഘോഷത്തിനൊരുക്കമായ അണക്കര ഫൊറോന നേതൃസംഗമം നടത്തപ്പെട്ടു. രാവിലെ 9.00 മണിക്ക് രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അർപ്പിച്ച പരിശുദ്ധ കുർബാനയെ തുടർന്ന് നടത്തപ്പെട്ട നേതൃസംഗമം ചങ്ങനാശ്ശേരി അതിരൂപതാംഗവും പ്രഭാഷകനുമായ ഫാ. ജിസൺ പോൾ വേങ്ങശ്ശേരി നയിച്ചു. അണക്കര ഫൊറോനയിലെ ഇടവകകളിൽ നിന്നുള്ള പാരിഷ് കൗൺസിലംഗങ്ങൾ, കുടുംബകൂട്ടായ്മ ലീഡേഴ്സ്, വിശ്വാസജീവിത പരിശീലകർ, സംഘടന ഭാരവാഹികൾ, അണക്കര ഫൊറോനയിലെ പാസ്റ്ററൽ കൗൺസിലംഗങ്ങൾ എന്നിവരുൾപ്പെടെ അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ അണക്കര ഫൊറോന വികാരി ഫാ. ജേക്കബ് പീടികയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവർ പ്രസംഗിച്ചു.
