ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി ; വെള്ളമെടുക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ കാൽ വഴുതി വീണതാകാം എന്നാണ് നിഗമനം .
കാഞ്ഞിരപ്പള്ളി : പാറത്തോട്ടിൽ വയോധികയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലനാട് സൊസൈറ്റിക്ക് സമീപം തൈപറമ്പിൽ മേരിക്കുട്ടി ജോസഫ് (67) നെയാണ് മരിച്ചനിലയിൽ ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.
മക്കൾ വിദേശത്ത് പോയതിനെ തുടർന്ന് മേരിക്കുട്ടി ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ച് വന്നിരുന്നത്. തൊട്ടടുത്തുള്ള
സഹോദരന്റെ വീട്ടിൽ രാത്രി കാലങ്ങളിൽ തങ്ങുകയും പുലർച്ചെ ഇതിനോട് ചേർന്ന് തന്നെയുള്ള സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയുമായിരുന്നു പതിവ്. കഴിഞ്ഞ ദിവസം രാത്രിയും ഈ വീട്ടിൽ കിടന്നുറങ്ങിയ ശേഷമാണ് മേരിക്കുട്ടി പുലർച്ചെയോടെ സ്വന്തം വീട്ടിലേയ്ക്ക് പോയതെന്ന് പോലീസ് പറഞ്ഞു. ഏറെ നേരം കഴിഞ്ഞും ഇവരെ വീടിന് പുറത്ത് കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് വീടിനോട് ചേർന്ന് തന്നെയുള്ള മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
വെള്ളമെടുക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ കാൽ വഴുതി വീണതാകാം എന്നതാണ് പോലീസിന്റെ നിഗമനം. മഴവെള്ള സംഭരണിയോട് ചേർന്ന് ലൈറ്റർ അടക്കം കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ‘ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ‘വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം വെളിച്ചിയാനി സെന്റ് . തോമസ് പള്ളി സെമിത്തേരിയിൽ നടക്കും.
ഭർത്താവ്: ജോസഫ്
മക്കൾ: മഞ്ജു ചങ്ങനാശേരി,
അഞ്‌ജു മാട്ടുക്കട്ട (സൗദി)
മരുമകൻ: സിറിൽ (ദുബായ്)
ദീപക് മാട്ടുക്കട്ട ( മലനാട് ‘ഡവലപ്പ്മെൻറ്റ് സൊസൈറ്റി)
