KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിക്ക് അഭിമാനം ; ദൃശ്യ ന്യൂസ് ക്യാമറാമാൻ ബിജു തോമസിന് സംസ്ഥാന അവാർഡ്

കാഞ്ഞിരപ്പള്ളി : സംസ്ഥാന തലത്തിൽ പ്രസിദ്ധമായ എൻ. എച്ച്. അൻവർ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കാഞ്ഞിരപ്പള്ളിക്ക് അഭിമാന നിമിഷങ്ങൾ .
കേബിൾ ചാനൽ വിഭാഗത്തിൽ മികച്ച മികച്ച ക്യാമറ പേഴ്‌സൺ അവാർഡ് ലഭിച്ചത്, ദൃശ്യ ന്യൂസ് ക്യാമറാമാൻ കാഞ്ഞിരപ്പള്ളി സ്വദേശി ബിജു തോമസിന് . കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസ്സോസ്സിയേഷൻ പ്രസിഡന്റും കേരളവിഷൻ മുൻ ചെയർമാനും ആയിരുന്ന എൻ എച്ച് അൻവറിന്റെ സ്‌മരണാർത്ഥം എൻ എച്ച് അൻവർ ട്രസ്റ്റ് ഏർപ്പെടുത്തിയ സംസ്ഥാന മാധ്യമ പുരസ്ക്കാരങ്ങൾ ആണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ടത് .

കാഞ്ഞിരപ്പള്ളി മുല്ലശ്ശേരിൽ എം.ടി. തോമസ്, ലീലാമ്മ തോമസ് ദമ്പതികളുടെ രണ്ടാമത്തെ മകനായ ബിജുവിന്റെ ഭാര്യ മഞ്ജു ബിജു. റിയ, സ്റ്റീവ് ടോം , ഐറിൻ തെരേസ എന്നിവർ മക്കളാണ് . കഴിഞ്ഞ 15 വർഷങ്ങളായി ദൃശ്യ ചാനലിൽ ക്യാമറാമാൻ ആയി ജോലി ചെയ്യുന്ന ബിജു തോമസ്, ഈ അടുത്ത കാലത്ത് “ഔസേപ്പിന്റെ ഒസ്യത്ത് ” എന്ന സിനിമയിൽ ഒരു വേഷം ചെയ്തിരുന്നു.

എൻ. എച്ച്. അൻവർ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തനത്തിന് നൽകി വരുന്ന സമഗ്ര സംഭാവന പുരസ്ക്‌കാരത്തിന് 24 ന്യൂസ്സ് ചീഫ് എഡിറ്റർ ആർ ശ്രീകണ്‌ഠൻ നായരാണ് അർഹനായത് . മികച്ച സാറ്റലൈറ്റ് ന്യൂസ് ചാനൽ വിഭാഗത്തിലുള്ള അവാർഡിന് അർഹനായത് ഏഷ്യാനെറ്റ് ന്യൂസിലെ അഞ്ചുരാജ് ആണ്. കേബിൾ ചാനൽ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ എ പി ഷാജി വയനാട് വിഷൻ, മികച്ച ക്യാമറ പേഴ്‌സൺ ബിജു തോമസ് ദൃശ്യ ചാനൽ കോട്ടയം, മികച്ച അവതാരക ദീപ ഹരി ദൃശ്യ ചാനൽ കോട്ടയം, ജൂറി പ്രത്യേക പരാമർശത്തിന് ബിനു ദാമോദരൻ യുസിവി ചാനൽ അമ്പലപ്പുഴ അർഹനായി.

എൻ ഇ ഹരികുമാർ, എം എസ് ബനേഷ്, കൃഷ്‌ണദാസ് പുലാപ്പറ്റ എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

മെയ്യ് 7 ന് 2 മണിക്ക് എറണാകുളം ഗംഗോത്രി ഓഡിറ്റോറിയത്തിൽ നടക്കുന്ന എൻ എച്ച് അൻവർ അനുസ്‌മരണ ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ അവാർഡുകൾ വിതരണം ചെയ്യും.

error: Content is protected !!