അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി : പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷത്തിന്റെ നാളുകളിൽ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി രാജ്യമൊട്ടാകെ നടത്തിയ മോക്ഡ്രില്ലിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലും മോക് ഡ്രിൽ സംഘടിപ്പിച്ചു.
ബുധനാഴ്ച നാലുമണിക്ക് കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ എൻസിസി ബറ്റാലിയൻ 15 കേരളായുടെ നേതൃത്വത്തിൽ നടത്തിയ മോക് ഡ്രില്ലിൽ നാനൂറിൽ അധികം കുട്ടികൾ പങ്കെടുത്തു . കോളേജിൽ നടക്കുന്ന 10 ദിവസത്തെ എൻസിസി ക്യാമ്പിന്റെ ഭാഗമായി പങ്കെടുത്ത എല്ലാ കുട്ടികളും മോക് ഡ്രില്ലിൽ സജീവമായി പങ്കെടുക്കുകയുണ്ടായി
അരമണിക്കൂർ നീണ്ടുനിന്ന ഒരു ആക്ടിവിറ്റിയാണ് കേന്ദ്ര ഗവൺമെൻറ് നിർദ്ദേശപ്രകാരം കോളേജ് ക്യാമ്പസിൽ ബറ്റാലിന്റെ നേതൃത്വത്തിൽ നടത്തിയത്. ആകാശത്തു നിന്നും ആക്രമണം ഉണ്ടായാൽ രക്ഷപെടേണ്ടത് എങ്ങനെയാണെന്നായിരുന്നു മോക് ഡ്രിൽ നടത്തിയതിലൂടെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തത് . നാലുമണിയോടെ എയർ വാണിങ് സൈറൺ മുഴങ്ങിയതോടെ പെട്ടെന്നുതന്നെ കുട്ടികൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഓടി , ചെവിയും, കണ്ണും അടച്ച് , തല നിലത്തുമുട്ടിച്ചു നിലത്ത് സുരക്ഷാ ഉറപ്പാക്കി കിടന്നു. നാലരക്ക് സുരക്ഷിത സൈറൺ മുഴങ്ങുന്നതുവരെ കുട്ടികൾ പൊസിഷൻ മാറാതെ നിലത്തു കിടക്കുകയായിരുന്നു .
എൻസിസി ബറ്റാലിയൻ ഓഫീസർമാർ കുട്ടികൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും, അതാത് സമയങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് കുട്ടികളെ അറിയിക്കുകയും ചെയ്യുകയുണ്ടായി. എൻസിസി 15 കേരള ബറ്റാലിയന്റെ കമാൻഡിങ് ഓഫീസറായ കേണൽ ജേക്കബ് ഫ്രീമാൻ, സുബൈദാർ മേജർ വി. ബി. ഗുരുങ്ങ്, സുബൈദാർ സുനീഷ്, ഹവിൽദാർ സുജിത് , സെന്റ് ഡൊമിനിക്‌സ് കോളേജ് എൻസിസി ഓഫീസർ ജിപ്സൺ വർഗീസ് , കോളേജ് പ്രിൻസിപ്പാൾ ഡോ. സീമോൻ തോമസ് എന്നിവർ മോക്ഡ്രിലിന് നേതൃത്വം നൽകി.
