എരുമേലിയിൽ പുതിയ പഞ്ചായത്ത് ഓഫിസ് : സ്ഥലം ലഭ്യമാക്കുന്നതിനായി താല്പര്യപത്രം ക്ഷണിച്ചു.
എരുമേലി : പുതിയ പഞ്ചായത്ത് ഓഫിസ് നിർമിക്കാൻ സ്ഥലം ലഭ്യമാക്കുന്നതിനായി താല്പര്യപത്രം ക്ഷണിക്കാൻ ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മറ്റിയിൽ തീരുമാനം. മെയ് 12 ന് വൈകുന്നേരം നാലിനകം ആണ് താല്പര്യപത്രം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കാൻ സാവകാശം അനുവദിച്ചിരിക്കുന്നത്. 30 മുതൽ 50 സെന്റ് വരെയുള്ള സ്ഥലം ആണ് പരിഗണിക്കുന്നതെന്നും എരുമേലി ടൗണിൽ ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ ഉള്ള അനുയോജ്യമായ സ്ഥലം ആണ് ലഭിക്കാൻ താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, വൈസ് പ്രസിഡന്റ് വി ഐ അജി എന്നിവർ അറിയിച്ചു.
സൗജന്യമായി വിലയ്ക്കോ സ്ഥലം നൽകാൻ താല്പര്യം ഉള്ളവർ സന്നദ്ധരായി താല്പര്യപത്രം സമർപ്പിക്കണമെന്ന് ഇവർ അറിയിച്ചു. നിലവിൽ ഇക്കഴിഞ്ഞ പഞ്ചായത്ത് ബജറ്റിൽ പുതിയ ഓഫീസ് സമുച്ചയം നിർമിക്കുന്നതിന് സ്ഥലം വാങ്ങാൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് പദ്ധതി തയ്യാറാക്കുകയും ഡിപിസി അനുമതി നേടുകയും ചെയ്തു. നിലവിലുള്ള പഞ്ചായത്ത് ഓഫീസിൽ സൗകര്യങ്ങൾ പരിമിതികളിലാണ്. പുതിയ ഓഫീസ് ആകുന്നതോടെ വിവിധ ഘടക സ്ഥാപനങ്ങൾക്ക് ഈ കെട്ടിടം വിട്ടുനൽകും. പുതിയ പഞ്ചായത്ത് ഓഫീസ് നിർമിക്കുന്നത് മിനി സിവിൽ സ്റ്റേഷൻ മാതൃകയിൽ ആയിരിക്കണെമെന്ന് ആവശ്യം ഉയരുന്നുണ്ട്.
