പട്ടയം തരൂ…പദയാത്രയുമായി കർഷകർ

പമ്പാവാലി: അഞ്ച് പതിറ്റാണ്ടിലേറെയായി പൂർവികർ കൈമാറി വന്ന കൃഷിഭൂമിക്ക് പട്ടയം ലഭിക്കാത്തതിൽ, എരുമേലിയുടെ കിഴക്കൻ മേഖലയിലെ കർഷകർ പദയാത്ര നടത്തി പ്രതിഷേധിച്ചു. പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തി പ്രദേശങ്ങളിലുള്ള കർഷകരാണ് പദയാത്ര നടത്തി പ്രതിഷേധിച്ചത്. 2015-ൽ പ്രദേശത്തെ ആയിരത്തോളം ആളുകളുടെ കൃഷിഭൂമികൾക്ക് പട്ടയം അനുവദിക്കുകയും 400-ഓളം പേർക്ക് പട്ടയം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, വനഭൂമിയെന്ന തടസ്സവാദമുണ്ടായതോടെ ബാക്കിയുള്ളവർക്ക് പട്ടയം ലഭിച്ചില്ല. ആദ്യം പട്ടയം കിട്ടിയവരിൽനിന്ന്‌ 2018-ന് ശേഷം ഭൂമിയുടെ കരം സ്വീകരിക്കുന്നുമില്ല. 

കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രസിഡന്റ് പ്രകാശ് പുളിക്കന്റെ നേതൃത്വത്തിൽ മൂലക്കയത്തുനിന്ന്‌ ആരംഭിച്ച പദയാത്ര വൈസ് പ്രസിഡന്റ് ഒ.ജെ.കുര്യൻ ഫ്‌ളാഗ്‌ ഓഫ് ചെയ്തു. കേരളപ്പാറ, ഏയ്ഞ്ചൽവാലി, ആറാട്ടുകയം, അഴുതമുന്നി, എഴുകുംമൺ പ്രദേശങ്ങളിലൂടെ ഏയ്ഞ്ചൽവാലി പള്ളിപ്പടി ജങ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം പഞ്ചായത്തംഗം മാത്യു ജോസഫ് മഞ്ഞപ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. 

മറിയാമ്മ സണ്ണി, ജെയിംസ് ആലപ്പാട്ട്, ബിജു കായപ്ലാക്കൽ, ബിനു നിരപ്പേൽ, സജി കവളംമാക്കൽ, ജോസഫ് പൂവത്തുങ്കൽ, ബോബൻ പള്ളിക്കൽ, ജോൺകുട്ടി വെൺമാന്തറ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!