കാഞ്ഞിരപ്പള്ളിയിൽ ഇനി ഹൈടെക് പോലീസ് സ്റ്റേഷൻ; ഉദ്‌ഘാടനം 18 ന്
കാഞ്ഞിരപ്പള്ളി : സ്ഥലപരിമിതിയും, അസൗകര്യങ്ങളും മൂലം ദുരിതം അനുഭവിച്ചുകൊണ്ടിരുന്ന കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന്റെ ദുരിതങ്ങൾ തീരുവാൻ ഒരുദിവസം കൂടി മാത്രം. ഫെബ്രുവരി 18 ന് രാവിലെ പത്തരയ്ക്ക് ഒന്നരക്കോടി രൂപ ചിലവിൽ നിർമ്മിച്ച കാഞ്ഞിരപ്പള്ളിയിലെ ഹൈടെക് പോലീസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്യപ്പെടും.
ഒന്നരക്കോടി രൂപ മുടക്കി പത്ത് സെൻറ് സ്ഥലത്ത് നിർമ്മിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം ആണ് പതിനെട്ടാം തീയതി രാവിലെ നിർവഹിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം നിർവഹിക്കും.
റവന്യൂ വകുപ്പിൽ നിന്നും വിട്ടുനൽകിയ 10.5 സെൻറ് സ്ഥലം ആണ് ഇപ്പോൾ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ ആയി നൽകിയിരിക്കുന്നത് ഇതിന്റെ നിർമ്മാണം കേരള പോലീസ് ഹൗസിംഗ് ഡെവലപ്മെൻറ് കോർപ്പറേഷൻ ആണ് നിർവഹിച്ചിരിക്കുന്നത്. ഒന്നര കോടി രൂപ രൂപ ഇതിനായി അനുവദിച്ചെങ്കിലും ഒന്നേകാൽ കോടി രൂപയിൽ നിർമ്മാണം പൂർത്തീകരിച്ചു
ജില്ലയിലെ ഹൈടെക് പോലീസ് സ്റ്റേഷൻ ആയി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ മാറിക്കഴിഞ്ഞു. പുരുഷന്മാർക്കും , സ്ത്രീകൾക്കും കൂടാതെ ട്രാൻസ്ജെൻഡറിനും പ്രത്യേക ലോക്കപ്പ് സെല്ലുകൾ ഇവിടെ നിർമിച്ചിട്ടുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസറിന്റെ ഓഫീസ് കൂടാതെ ക്രമസമാധാനം നിർവഹിക്കുന്ന എസ് ഐ ക്കും പ്രത്യേകം ഓഫീസ് ക്രമീകരിച്ചു. വികലാംഗർക്കുള്ള പ്രത്യേക ടോയ്ലറ്റ് സംവിധാനവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
കേസ് റെക്കോർഡുകളും മറ്റും സൂക്ഷിക്കുവാനുള്ള മുറി, കമ്പ്യൂട്ടറിന് പ്രത്യേക മുറി, പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പ്രത്യേക മുറി, കുറ്റാന്വേഷണ വിഭാഗം എസ്. ഐ ക്ക് പ്രത്യേക മുറി, പോലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമത്തിനായി മുറി, കേസ് അന്വേഷണ ടീമിനായി ആയി ഒരു നില മുറികൾ മാറ്റിവച്ചിരിക്കുകയാണ്. മൂന്നാം നിലയിൽ വിശ്രമമുറി ക്രമീകരിച്ചിരിക്കുന്നു വനിതാ പോലീസുകാർക്ക് വിശ്രമിക്കുന്നതിനായി രണ്ടു മുറികളും പ്രത്യേകം ടോയ്‌ലറ്റുകളും കള്ളും ക്രമീകരിച്ചിട്ടുണ്ട്. മൂന്നാം നിലയിൽ സ്റ്റോർ മുറി മുകളിലത്തെ നിലയിൽ ക്രമീകരിച്ചിട്ടുണ്ട്.
കുഴൽ കിണർ കുത്തി എങ്കിലും ജലം ലഭ്യമല്ല എന്നത് മാത്രമാണ് ഏക പ്രശ്നം. ഇവിടുത്തെ ആവശ്യത്തിന് ദിവസേന കുറഞ്ഞത് ആയിരം ലിറ്റർ വെള്ളമെങ്കിലും വേണമെന്നാണ് കണക്കു കൂട്ടുന്നത് . .ഈ വെള്ളം എവിടെ നിന്ന് എത്തിക്കും എന്നുള്ള വിഷമത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ. സ്ഥലസൗകര്യം ഇല്ലാത്തതിനാൽ കിണർ കുത്താനും കഴിയില്ല. വെള്ളം ടാങ്കർലോറികൾ എത്തിക്കേണ്ട അവസ്ഥയാണ് ആണ് നിലവിൽ.