പി.സി. ജോർജ് വീണ്ടും എൻഡിഎയിലേക്ക്? 27 വരെ കാത്തിരിക്കും, അതുകഴിഞ്ഞ് തീരുമാനം
∙ജോസ് കെ. മാണിയും മാണി സി. കാപ്പനും കൊമ്പുകോർക്കുന്ന പാലായിൽ എൻഡിഎ സ്ഥാനാർഥിയായി പി.സി. തോമസ് എത്തുമോ ? ശക്തമായ ത്രികോണ മത്സരത്തിലേക്കു പാലാ നീങ്ങുകയാണോ ? ഏറെ നാളായി എൻഡിഎ മുന്നണിയിൽ നിന്ന് അകന്നുനിന്ന പി.സി. തോമസ് കഴിഞ്ഞ ദിവസം കെ. സുരേന്ദ്രന്റെ വിജയയാത്രയിൽ പങ്കെടുത്തു. ഇന്നലെ എൻഡിഎ സംസ്ഥാന യോഗത്തിലും പങ്കെടുത്തു.
മത്സരിക്കുന്ന കാര്യം തീരുമാനിച്ചില്ല. എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പാലായിൽ നല്ല വിജയ സാധ്യതയുണ്ട്. എന്നാൽ തീരുമാനം എടുത്തിട്ടില്ല.
പി.സി. തോമസ് (ചെയർമാൻ കേരള കോൺഗ്രസ്)
പി. സി. തോമസിനു പുറമേ പി.സി. ജോർജും വീണ്ടും എൻഡിഎയിൽ എത്തുമോയെന്നാണ് അറിയാനുള്ളത്. പി.സി. തോമസ് എത്തിയതോടെ ജില്ലയിൽ ശക്തമായ പോരാട്ടത്തിന് ബിജെപി ഒരുങ്ങുകയാണ്. ഇതിനൊപ്പമാണ് മുൻ ഘടക കക്ഷി ജനപക്ഷത്തെ തിരിച്ചെത്തിക്കാൻ ശ്രമം നടക്കുന്നത്. പൂഞ്ഞാറിനു പുറമേ ബിജെപിക്കു സ്വാധീനമുള്ള ഒരു മണ്ഡലം കൂടി പി.സി. ജോർജിന് നൽകാനും എൻഡിഎയിൽ നീക്കമുണ്ട്. പാർട്ടിയുടെ മുന്നൊരുക്കം പൂർത്തിയായതായി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു.
പ്രാദേശിക നേതാക്കളുമായി ചർച്ച ചെയ്തു രൂപപ്പെടുത്തിയ സ്ഥാനാർഥി സാധ്യതാ പട്ടിക ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിനു കൈമാറി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ഉടൻ ബിജെപി സ്ഥാനാർഥി ചർച്ച തുടങ്ങും.
എൻഡിഎയിൽ നിന്നു ക്ഷണിച്ചിരുന്നു. ഞങ്ങളുടെ പാർട്ടി ഘടക കക്ഷിയായാൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ എൻഡിഎയ്ക്ക് വിജയിക്കാം. രണ്ടു സീറ്റുകൾ ഞങ്ങൾ ചോദിക്കും. യുഡിഎഫുമായും ചർച്ചയുണ്ട്. 24 വരെ പ്രതികരിക്കുന്നില്ല. 27 വരെ കാത്തിരിക്കും. അതു കഴിഞ്ഞാൽ മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ഏതു മുന്നണിയെന്ന് ഇപ്പോൾ പറയുന്നില്ല.
2016 ൽ അഞ്ചു സീറ്റിൽ ബിജെപിയും (പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം, പുതുപ്പള്ളി), 3 സീറ്റിൽ ബിഡിജെഎസും (വൈക്കം, ഏറ്റുമാനൂർ, പൂഞ്ഞാർ) ഒരു സീറ്റീൽ കേരള കോൺഗ്രസും (കടുത്തുരുത്തി) മത്സരിച്ചു. ഇത്തവണ ബിഡിജെഎസിൽ നിന്ന് ഒന്നോ രണ്ടോ സീറ്റുകൾ ഏറ്റെടുക്കാൻ ബിജെപിയിൽ ആലോചനയുണ്ട്.
അതേ സമയം കടുത്തുരുത്തിക്ക് പകരം പാലായോ പൂഞ്ഞാറോ പി.സി. തോമസിന് നൽകിയേക്കും. കാഞ്ഞിരപ്പള്ളി പാർട്ടിയുടെ എ ഗ്രേഡ് മണ്ഡലമാണ്. ബിജെപിക്ക് നല്ല വോട്ടുള്ള വൈക്കം ബിഡിജെഎസിൽ നിന്ന് തിരിച്ചെടുക്കാനും ആലോചനയുണ്ട്. കടുത്തുരുത്തി ബിജെപി എടുത്താൽ ജനറൽ സെക്രട്ടറി ലിജിൻ ലാൽ മത്സരിക്കും.
ബിജെപി സ്ഥാനാർഥി പട്ടിക
∙ കാഞ്ഞിരപ്പള്ളി – ഡോ. ജെ. പ്രമീളാ ദേവി, നോബിൾ മാത്യു, ജി. രാമൻ നായർ, വി.എൻ. മനോജ്,
∙ പാലാ- പി.സി. തോമസ് ഇല്ലെങ്കിൽ എസ്. ജയസൂര്യൻ,എൻ.കെ. നാരായണൻ നമ്പൂതിരി, ജി. രഞ്ജിത്ത്,
∙ കോട്ടയം – ജോർജ് കുര്യൻ, ടി.എൻ. ഹരികുമാർ, അഖിൽ രവീന്ദ്രൻ
∙ ചങ്ങനാശേരി – ജി. രാമൻ നായർ, ബി. രാധാകൃഷ്ണ മേനോൻ, എ. മനോജ്
∙ പുതുപ്പള്ളി – ജോർജ് കുര്യൻ, എൻ. ഹരി.