കാഞ്ഞിരപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കൻ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ ആന്റോ ആന്റണി എംപി, കെപിസിസി അംഗം അഡ്വ. സതീഷ്ചന്ദ്രന്‍ നായര്‍, അബ്ദുൽ കരീം മുസ്‌ലിയാർ, തോമസ് കുന്നപ്പള്ളി, ബാബു ജോസഫ് എന്നിവര്‍ക്കൊപ്പം കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഓഫീസിൽ എത്തിയ ജോസഫ് വാഴയ്ക്കൻ അസി. റിട്ടേറിംഗ് ഓഫീസറായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി അനു മാത്യു ജോര്‍ജിന് പത്രിക കൈമാറി.
രാവിലെ കാഞ്ഞിരപ്പള്ളി അക്കരപള്ളിയും ചിറക്കടവ് മഹാദേവക്ഷേത്രവും സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചശേഷമാണ് ജോസഫ് വാഴയ്ക്കൻ പത്രിക സമർപ്പിക്കാൻ എത്തിയത്. കെപിസിസി സെക്രട്ടറി ഫിലിപ് ജോസഫ്, ബിജു പുന്നത്താനം കുര്യച്ചന്‍ കൊടികുളം, റെജി എം. ഫിലിപ്പോസ്, തോമസ് കല്ലാടൻ, പ്രൊഫ റോണി കെ. ബേബി, അഡ്വ. പി.എ. ഷമീർ, ടി.കെ. സുരേഷ്കുമാർ, സുഷമ ശിവദാസ് ജോ തോമസ് പായിക്കാടൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ, , മറിയാമ്മ ജോസഫ് , ടി.എ. നിഷാദ്, ശിഹാബുദ്ദീൻ, ടി. എ. റസാഖ്, ടീ. എസ്. രാജൻ, സുനിൽ പേനമ്മാക്കൽ, അഡ്വ. ജീരാജ്, അൻസാരി വളഞ്ഞാറ്റിൽ എന്നിവർ പങ്കെടുത്തു.
പത്രിക സമർപ്പണത്തിനു ശേഷം പൊന്‍കുന്നത്ത് നിയോജകമണ്ഡല തല യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഐക്യജനാധിപത്യ മുന്നണിക്ക് എന്നും വളക്കൂറുള്ള മണ്ണാണ് കാഞ്ഞിരപ്പള്ളിയെന്നും ജോസഫ് വാഴയ്ക്കന്റെ നേതൃപാടവം കാഞ്ഞിരപ്പള്ളിയുടെ വികസനത്തിന് അനിവാര്യമാണെന്നും എം.പി. പറഞ്ഞു.