കേരള കോൺഗ്രസിൽ ജോസഫ് വിഭാഗം ലയിച്ചു; സഹകരിച്ച് മുന്നോട്ടെന്ന് പിസി തോമസ്, ലയനം ശക്തിപകരുമെന്ന് ഉമ്മൻ ചാണ്ടി
സീറ്റ് വിഭജന തർക്കത്തെ തുടർന്ന് എന്‍ഡിഎ വിട്ട കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം ജോസഫ് വിഭാഗവുമായി ലയിച്ച് യുഡിഎഫിലേക്ക്. പിജെ ജോസഫ് ഗ്രൂപ്പുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് പിസി തോമസ് കടുത്തുരുത്തിയില്‍ നടന്ന ലയന സമ്മേളനത്തിൽ വ്യക്തമാക്കി. പിജെ ജോസഫാണ് ഇനി കേരള കോൺഗ്രസിന്റെ ചെയർമാൻ. പിസി തോമസ് ഡപ്യൂട്ടി ചെയർമാനാകും. ജോസ് കെ മാണി വിഭാഗവുമായുള്ള കേസില്‍ രണ്ടില ചിഹ്നവും പാര്‍ട്ടിയുടെ പേരും നഷ്ടപ്പെട്ട ജോസഫ് വിഭാഗത്തിന്റെ താത്പര്യ പ്രകാരമാണ് ലയനം നടന്നത്.
ലയന ശേഷം നടന്ന യുഡിഎഫിന്റെ കടുത്തുരുത്തി മണ്ഡലം കൺവൻഷൻ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. പിസി തോമസിന്റെ വരവ് യുഡിഎഫിന് ശക്തിപകരുമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. പിസി തോമസ് എത്തേണ്ടിടത്ത് എത്തി. പിൻവാതിൽ നിയമനത്തിനും അഴിമതിക്കുമെതിരെ ജനങ്ങൾക്ക് പ്രതികരിക്കാൻ അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് എം എന്ന പേരും നഷ്ടപ്പെട്ട ജോസഫ് വിഭാഗത്തിന് നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ സാധ്യമല്ലാതെ വന്നതോടെയാണ് പിസി തോമസ് വിഭാഗവുമായി ലയിക്കാന്‍ തീരുമാനിച്ചത്. കേരള കോണ്‍ഗ്രസ് എന്ന പേരാണ് പിസി തോമസ് വിഭാഗത്തിന്റേത്. ഈ പേരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയും ഉണ്ട്. ലയനത്തോടെ ജോസഫ് വിഭാഗവും കേരള കോണ്‍ഗ്രസ് ആകും. നിലവില്‍ കസേരയാണ് പിസി തോമസ് വിഭാഗത്തിന്‍റെ ചിഹ്നം.
രജിസ്ട്രേഷനും ചിഹ്നവും ഇല്ലാതിരുന്ന ജോസഫ് വിഭാഗത്തിന് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റ ചിഹ്നത്തില്‍ മത്സരിക്കാനാകില്ലായിരുന്നു. ലയനത്തോടെ ആ തടസ്സം മാറി. പാര്‍ട്ടിക്ക് അംഗീകാരം ഇല്ലാത്തതിനാല്‍ ജയിച്ചു വരുന്ന ജോസഫ് വിഭാഗം എംഎല്‍എമാരെ സ്വതന്ത്രരായി പരിഗണിക്കേണ്ടി വന്നേനെ. അവര്‍ക്ക് കൂറുമാറ്റ നിരോധന നിയമവും ബാധകമാകില്ലായിരുന്നു. ഇതെല്ലാം ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള പിസി തോമസ് വിഭാഗവുമായി ജോസഫിന്‍റെ ലയനം. ബിജെപി നേതൃത്വവുമായി ഇണങ്ങിയും പിണങ്ങിയും എന്‍ഡിഎയുടെ ഭാഗമായിരുന്ന പിസി തോമസ് കെ സുരേന്ദ്രന്‍റെ ജാഥയിലും പങ്കാളിയായിരുന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പിസി തോമസ് വിഭാഗത്തിന് സീറ്റ് കിട്ടാത്തതോടെയാണ് മുന്നണി വിടാന്‍ തീരുമാനിച്ചത്. യുഡിഎഫ് കണ്‍വെന്‍ഷനിലും പിസി തോമസ് പങ്കെടുക്കും