വൈറസ് വകഭേദം കേരളം പ്രത്യേകം പഠിക്കും
കോവിഡ് രണ്ടാംതരംഗത്തിൽ സംസ്ഥാനത്ത് പടരുന്നത് ജനിതകവകഭേദം വന്ന കൊറോണ വൈറസ് ആണോ എന്നകാര്യം പ്രത്യേകം പഠനവിധേയമാക്കും. ആൾക്കൂട്ടമാണ് രോഗം വീണ്ടും പടരാൻ കാരണമെന്ന് കരുതുമ്പോഴും പലരാജ്യങ്ങളിലും രണ്ടാംതരംഗത്തിന് കാരണമായത് വൈറസിനുണ്ടായ ജനിതകമാറ്റമാണെന്ന വിലയിരുത്തുന്നുണ്ട്. ഇത് കണക്കിലെടുത്താണ് എല്ലാജില്ലയിൽനിന്നും സാംപിൾ ശേഖരിച്ച് വിദഗ്ധ പഠനം നടത്താൻ ആലോചിക്കുന്നത്. നിലവിൽ കേരളത്തിൽനിന്നുള്ള സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിദഗ്ധ പരിശോധന നടത്തുന്നുണ്ട്. വൈറസിന്റെ സ്‌പൈക് പ്രോട്ടീൻ സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലും പഠനം നടത്താനുള്ള ശുപാർശകളും പരിഗണനയിലുണ്ട്. ഡൽഹിയിൽ സി.എസ്.ഐ.ആറിനുകീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേർന്നും കൂടുതൽ പഠനം നടത്തും.
നേരത്തേ കേരളത്തിൽനിന്നുള്ള 179 വൈറസുകളുടെ ജനതിക ശ്രേണീകരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയിരുന്നു. രോഗകാരണമായ സാഴ്‌സ് കൊറോണ വൈറസ്-2 ആർ.എൻ.എ. വൈറസ് ആയതിനാൽ ജനിതകമാറ്റത്തിലൂടെ വകഭേദം വരാൻ സാധ്യതകൂടുതലാണെന്നാണ് ശാസ്ത്രസമൂഹത്തിന്റെ വിലയിരുത്തൽ.
കർണാടകം, മഹാരാഷ്ട്ര, ന്യൂഡൽഹി, പശ്ചിമബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പടരുന്നത് ബി.1. 617 എന്ന വകഭേദമാണെന്നാണ് വിലയിരുത്തൽ. ഈ വൈറസിന്റെ സമാനസ്വഭാവമാണ് കേരളത്തിലും കണ്ടുവരുന്നത്. നിലവിലുള്ള പ്രതിരോധമരുന്നുകൾ ഈ വകഭേദങ്ങളെ ചെറുക്കുന്നതാണ്. സെപ്റ്റംബറിലാണ് വൈറസിന്റെ യു.കെ. വകഭേദം (ബി 1.1.7) കണ്ടെത്തിയത്. പകർച്ചാനിരക്കും മരണസാധ്യതയും കൂടുതലാണ് ഇതിനെന്നതാണ് പ്രത്യേകത. ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയിലും ജനുവരിയിൽ അമേരിക്കയിലും മറ്റൊരുവകഭേദം (ബി 1.351) കണ്ടെത്തി. ബ്രസീലിൽനിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് മൂന്നാമത്തെ ഇനം (പി 1) കണ്ടെത്തിയത്.
ഇതുവരെ ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിലാണ് ജനിതക വകഭേദം വന്നവ മാരക വൈറസിനെ കണ്ടെത്തിയത്. ഈ രാജ്യങ്ങളിൽനിന്നുവന്ന 113 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 109 പേരുടെ പരിശോധനാഫലം പിന്നീട് നെഗറ്റീവ് ആയി. 11 പേരിൽമാത്രമാണ് ജനിതകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ഇവരിൽനിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നത് തടയാനായിട്ടുണ്ട്. എന്നാൽ 60 ശതമാനം പേർക്കെങ്കിലും പ്രതിരോധമരുന്ന് നൽകിയാൽ മാത്രമേ സാമൂഹിക പ്രതിരോധശേഷി കൈവരിച്ചതായി അവകാശപ്പെടാനാവൂ.