ജനിതകമാറ്റം വന്ന വൈറസ് നിസ്സാരക്കാരനല്ല; അതിജാഗ്രത വേണം

കോവിഡ് ആശങ്കയുയർത്തി വീണ്ടും പടർന്നുപിടിക്കുകയാണ്. ദിനംപ്രതി വർധിക്കുന്ന രോഗികൾ, മരണങ്ങൾ എന്നിവയാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നത്. സർക്കാരും ജില്ലാ ഭരണകൂടവും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നുണ്ടെങ്കിലും കോവിഡ് നിയന്ത്രണവിധേയമാകുന്നില്ല. ഈ ഘട്ടത്തിൽ കോവിഡിനെ പൊരുതി തോൽപ്പിക്കാൻ ജാഗ്രതമാത്രമാണ് പ്രതിവിധി. ജനിതകമാറ്റം വന്ന കൊറോണ വൈറസ് നിസ്സാരക്കാരനല്ലെന്ന് അടിവരയിട്ടു പറയുകയാണ് വണ്ടാനം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ. സൈറു ഫിലിപ്പ്.

കോവിഡ്-19 എങ്ങനെ പകരും?

ശരീരസ്രവങ്ങളിൽനിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വായിൽനിന്നു തെറിക്കുന്ന സ്രവകണികയിൽ വൈറസുണ്ടാകും. വായും മൂക്കും മൂടാതെയിരിക്കുമ്പോൾ ഇവ വായുവിലേക്കു പടരുകയും സമീപത്തുള്ളവരിലേക്കു പ്രവേശിക്കുകയും ചെയ്യും. വൈറസിന്റെ സാന്നിധ്യമുള്ളയാളെ തൊടുമ്പോഴും അയാൾക്കു കൈകൊടുക്കുമ്പോഴും രോഗം മറ്റൊരാളിലേക്കു പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾകൊണ്ട് മൂക്കിലോ കണ്ണിലോ തൊട്ടാലും രോഗംപടരും. വൈറസ് രണ്ടുദിവസംവരെ നശിക്കാതെ നിൽക്കും.

കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം?

18 വയസ്സിനു മുകളിലുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണം. പൊതുസ്ഥലങ്ങളിൽ ശാരീരികാകലം പാലിക്കണം. കൃത്യമായി മൂക്കും വായും മൂടുന്നതരത്തിൽ മുഖാവരണം ധരിക്കണം. കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു ശുചിയാക്കണം.

ഒരിക്കലും ചെയ്യരുതാത്തവ

സംസാരിക്കുമ്പോൾ മുഖാവരണം താഴ്ത്തി സംസാരിക്കുക, തിരക്കുള്ള സ്ഥലങ്ങൾ സന്ദർശിക്കുക, അകലംപാലിക്കാതെ അടുത്തിടപഴകുക. വായുസഞ്ചാരം ഇല്ലാത്ത അടഞ്ഞ മുറികളിൽ അധികംപേർ ഒന്നിച്ചുകൂടുക, പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കാതിരിക്കൽ, കഴുകാത്ത കൈകൾകൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടൽ, പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളുള്ളവരോട് അടുത്തിടപഴകൽ, അനാവശ്യമായ ആശുപത്രിസന്ദർശനങ്ങൾ, രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര.

കോവിഡ്-19 സ്ഥിരീകരിച്ചാൽ എന്തുചെയ്യണം?

ഒരാൾ കോവിഡ് ബാധിതനെന്നു തിരിച്ചറിഞ്ഞാൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം. ആരുമായും സമ്പർക്കത്തിൽ ഏർപ്പെടാതെ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പൂർണമായും പാലിക്കണം. കോവിഡ് രോഗലക്ഷണങ്ങളില്ലാതെ ആരോഗ്യമുള്ളവർക്ക്/ ലഘു രോഗലക്ഷണങ്ങൾ ഉള്ളവർ കോവിഡ് പ്രോട്ടകോൾ അനുസരിച്ചുള്ള സൗകര്യമുണ്ടെങ്കിൽ സ്വന്തം വീടുകളിൽ ക്വാറന്റീനിൽ കഴിയാം. ശുചിമുറിസൗകര്യമുള്ള മുറി, അസുഖമില്ലാത്തതും ആരോഗ്യമുള്ളതുമായ ഒരു സഹായി, ബുദ്ധിമുട്ട് എന്തെങ്കിലും തോന്നിയാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കാനുള്ള സംവിധാനം, വേഗത്തിൽ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സാഹചര്യം എന്നിവ കോവിഡ് രോഗബാധിതർക്ക് ആവശ്യമാണ്.

രോഗം മൂർച്ഛിച്ചാൽ വിദഗ്ധചികിത്സയ്ക്കായി കോവിഡ് ആശുപത്രികളിലേക്കു മാറ്റും എന്ന വസ്തുതകൂടി ഓർക്കണം. എ.സി.യുള്ള മുറി ഒഴിവാക്കണം. വീട്ടിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കണം. ഹോം ഐസൊലേഷൻ എന്നത് റൂം ഐസൊലേഷനാണ്. അതിനാൽ മുറിക്കു പുറത്തിറങ്ങാൻ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകൾ അണുവിമുക്തമാക്കണം. എന്തെങ്കിലും സാഹചര്യംകൊണ്ട് മുറിക്കു പുറത്ത് രോഗി ഇറങ്ങിയാൽ സ്പർശിച്ച പ്രതലങ്ങൾ എല്ലാം അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും മുഖാവരണം ധരിക്കണം.പൾസ് ഓക്സിമീറ്റർ വീട്ടിൽ കരുതുന്നത് നന്നായിരിക്കും. പൾസ് ഓക്സിമീറ്ററിലൂടെ കാണിക്കുന്ന ഓക്സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റു രോഗലക്ഷണങ്ങളും ദിവസവും ഒരു ബുക്കിൽ കുറിച്ചുവെക്കാം.രക്തത്തിലെ ഓക്സിജന്റെ അളവു കുറയുന്നത് കോവിഡ് രോഗിയെ ഗുരുതരാവസ്ഥയിലാക്കും. അതിനാൽ പൾസ് ഓക്സിമീറ്റർകൊണ്ട് ദിവസവും രക്തത്തിലെ ഓക്സിജന്റെ അളവു പരിശോധിക്കണം.

വീടുകളിൽ ശ്രദ്ധിക്കേണ്ടവ

വീട്ടിൽ കഴിയുന്നവർ ധാരാളം വെള്ളം കുടിക്കണം. ചൂടുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണപദാർഥങ്ങൾ കഴിക്കണം. വീട്ടിലെ മറ്റംഗങ്ങളുമായി (വാക്സിനെടുത്തവരാണെങ്കിലും) സമ്പർക്കം പാടില്ല. അത്യാവശ്യഘട്ടത്തിൽ വിളിക്കാനായി വാഹനസൗകര്യം നേരത്തേ ഏർപ്പെടുത്തണം. സ്ഥിരംമരുന്നുകൾ മുടക്കരുത്.

ചികിത്സാകേന്ദ്രങ്ങൾ ഇങ്ങനെ

കോവിഡ് ബാധിച്ചവർക്ക് ആരോഗ്യനില അനുസരിച്ചാണ് ചികിത്സ ഉറപ്പാക്കുന്നത്. ഡൊമിസിലിറി കെയർ സെന്റർ(ഡി.സി.സി.), ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, കോവിഡ് ആശുപത്രികൾ എന്നിങ്ങനെ തിരിച്ചാണ് രോഗികളെ പരിചരിക്കുന്നത്. ലക്ഷണങ്ങളില്ലാത്ത, വീടുകളിൽ വിശ്രമിക്കാൻ സൗകര്യമില്ലാത്ത രോഗികളെയാണ് ഡൊമിസിലിറി കെയർ സെന്ററിൽ (ഡി.സി.സി.) പ്രവേശിപ്പിക്കുക.

ഇനിയെന്ത്

കോവിഡ് രോഗവ്യാപനത്തെ പിടിച്ചുകെട്ടേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. ഒന്നാംതരംഗത്തിൽ കോവിഡ് എന്ന പുലിയെ ഫലപ്രദമായി കൂട്ടിലിട്ട് നമ്മൾ സുരക്ഷിതരായി പുറത്തു കഴിഞ്ഞു. ഈ ഘട്ടത്തിൽ കോവിഡ് എന്ന പുലി നമ്മുടെ ചുറ്റിനും എപ്പോഴും ഉള്ളപ്പോൾ നാം സ്വയം പ്രതിരോധക്കൂട്ടിലായി സുരക്ഷിതരാകണം. കുത്തനെ പൊങ്ങുന്ന കോവിഡ് പോസിറ്റീവ് കേസുകളെ പിടിച്ചുതാഴ്ത്താൻ പ്രതിരോധമാർഗങ്ങൾ നൂറുശതമാനം സന്ദർഭങ്ങളിലും പ്രാവർത്തികമാക്കണം.

error: Content is protected !!