പൂഞ്ഞാറിൽ ബി.ഡി.ജെ.എസ്. സ്ഥാനാർഥിക്ക് 2,965 വോട്ട് മാത്രം, എൻ.ഡി.എ.യ്ക്ക് തിരിച്ചടി
കാഞ്ഞിരപ്പള്ളി : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൻ.ഡി.എ.യ്ക്ക് ലഭിച്ച വോട്ടിൽ വൻ കുറവ്. സംസ്ഥാനത്തെ വിജയപ്രതീക്ഷയുള്ള എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയുൾപ്പടെയുള്ള മണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടിൽ വലിയ കുറവ്. പൂഞ്ഞാറിൽ ബി.ഡി.ജെ.എസ്. സ്ഥാനാർഥി നേടിയ 2,965 വോട്ടാണ് ഏറ്റവും കുറവ്.
കാഞ്ഞിരപ്പള്ളിയിൽ ലഭിച്ച 29,157 വോട്ടാണ് ജില്ലയിൽ കൂടുതൽ ലഭിച്ചത്. ഏറ്റുമാനൂർ, വൈക്കം, പാലാ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും എൻ.ഡി.എ.യ്ക്ക് തിരിച്ചടിയുണ്ടായി. വൈക്കം, പൂഞ്ഞാർ മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസും മറ്റ് മണ്ഡലങ്ങളിൽ ബി.ജെ.പി.യുമാണ് മത്സരിച്ചത്.
എന്നാൽ 2016-ൽ ബി.ജെ.പി. നേടിയ വോട്ടുകൾ നേടാൻ അൽഫോൻസ് കണ്ണന്താനത്തിനായില്ല. കഴിഞ്ഞ തവണ ബി.ജെ.പി. സ്ഥാനാർഥി വി.എൻ.മനോജ് 31,411 വോട്ടാണ് നേടിയത്.
കഴിഞ്ഞ തവണ 19,966 വോട്ട് നേടിയ സ്ഥാനത്ത് ഇത്തവണ പൂഞ്ഞാറിൽ ബി.ഡി.ജി.എസ്. സ്ഥാനാർഥി വി.പി.സെൻ നേടിയത് 2,965 വോട്ട്. പ്രചാരണവേളയിലടക്കം ജനപക്ഷം സ്ഥാനാർഥി പി.സി.ജോർജ് എൻ.ഡി.എ.യുടെ വോട്ട് തനിക്ക് ലഭിക്കുമെന്ന് പരസ്യപ്രഖ്യാപനവും നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് എൻ.ഡി.എ.യ്ക്ക് 30,990 വോട്ടും ലഭിച്ചിരുന്നു.
മറ്റ് മണ്ഡലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഏറ്റുമാനൂരിൽ ടി.എൻ.ഹരികുമാറിന് 13,746 വോട്ടാണ് ലഭിച്ചത്. 2016-ൽ 27,540 വോട്ട് നേടിയിരുന്നു. വൈക്കത്ത് ബി.ഡി.ജെ.എസ്. സ്ഥാനാർഥി അജിത സാബുവിന് 11953 വോട്ടാണ് ലഭിച്ചത്. 2016-ൽ 30,067 വോട്ടാണ് ലഭിച്ചത്. കോട്ടയത്ത് മിനർവ മോഹൻ 8,611 വോട്ടാണ് നേടിയത്. 2016-ൽ ലഭിച്ചത് 12,582 വോട്ടും. ചങ്ങനാശ്ശേരിയിൽ ജി.രാമൻനായർക്ക് 14,491 വോട്ടാണ് ലഭിച്ചത്. 2016-ൽ ഇവിടെ 21,455 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയംഗം എൻ.ഹരി മത്സരിച്ച പുതുപ്പള്ളിയിലും എൻ.ഡി.എ.ക്ക് വോട്ട് കുറഞ്ഞു. 2016-ൽ 15,993 വോട്ടുണ്ടായിരുന്ന പുതുപ്പള്ളിയിൽ ഇത്തവണ ലഭിച്ചത് 11,694 വോട്ടാണ്. പാലായിൽ ജെ.പ്രമീളാദേവിക്ക് ലഭിച്ചത് 10,869 വോട്ടാണ്. കഴിഞ്ഞ തവണ 24,821 വോട്ടാണ് പാലായിൽ ലഭിച്ചത്. കഴിഞ്ഞ തവണ 17,536 വോട്ട് നേടിയ കടുത്തുരുത്തിയിൽ ലിജിൻ ലാലിന് ഇത്തവണ ലഭിച്ചത് 11,670 വോട്ടാണ്.