കേരളത്തിൽ ശനിയാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ ; പൊതു ഗതാഗതത്തിന് വിലക്ക് : എല്ലാ ആരാധനാലയങ്ങളും അടച്ചിടണം.. മാർഗരേഖ

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന സമ്പൂര്‍ണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തണം. പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സേവനങ്ങള്‍ നല്‍കുന്നവ മാത്രമെ പ്രവര്‍ത്തിക്കൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം. ട്രെയിനിങ്, റിസര്‍ച്ച്, കോച്ചിങ് സെന്ററുകളെല്ലാം ഇതില്‍ ഉള്‍പ്പെടും.

എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഒരു മണിവരെ പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രതിരോധം, കേന്ദ്ര സായുധ പോലീസ്, ട്രഷറി, പെട്രോളിയം, സിഎന്‍ജി, എല്‍എന്‍ജി സേവനങ്ങള്‍, ദുരന്ത നിവാരണം, ഊര്‍ജ ഉത്പാദനം – വിതരണം, പോസ്റ്റല്‍ വകുപ്പ്, പോസ്റ്റ് ഓഫീസുകള്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, എഫ്.സിഐ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീപോര്‍ട്, റെയില്‍വെ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയ്ക്ക് പ്രവര്‍ത്തിക്കാം.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആരോഗ്യം, ആയുഷ്, റെവന്യൂ, തദ്ദേശ സ്വയംഭരണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, വ്യവസായം – തൊഴില്‍ വകുപ്പുകള്‍, മൃഗശാല, കേരള ഐ.ടി മിഷന്‍, ജലസേചനം, വെറ്ററിനറി സേവനങ്ങള്‍, സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, പ്രിന്റിങ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവയ്ക്ക് പ്രവര്‍ത്തിക്കാം.

പോലീസ്, എക്‌സൈസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, അഗ്നിശമന സേന, ദുരന്ത നിവാരണസേന, വനം വകുപ്പ്, ജയില്‍ വകുപ്പ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജില്ലാ കളക്ടറേറ്റുകളും ട്രഷറിയും പ്രവര്‍ത്തിക്കും.

വൈദ്യുതി, ജലവിതരണം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണം.

ആശുപത്രികള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിര്‍മാണ, വിതരണ സ്ഥാപനങ്ങള്‍ (പൊതു സ്വകാര്യ മേഖലകളില്‍ ഉള്ളവ), ഡിസ്‌പെന്‍സറികള്‍, മരുന്നു കടകള്‍,മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്‌സിങ് ഹോമുകള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവരുടെ ജോലി സ്ഥലത്തേക്കുള്ള യാത്ര അനുവദിക്കും.

കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷന്‍, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. എന്നാല്‍ ഇവയുമായി ബന്ധപ്പെട്ടവര്‍ യാത്രകള്‍ പരമാവധി ഒഴിവാക്കണം. പെട്ടെന്ന് കേടുവരുന്ന കാര്‍ഷികോത്പന്നങ്ങളുടെ വിപണനവും അനുവദിക്കും.

സ്വകാര്യ – വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. എന്നാല്‍ റേഷന്‍കടകള്‍, ഭക്ഷ്യോത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യം, മാംസം, കലിത്തീറ്റ, കോഴിത്തീറ്റ എന്നിവ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.

ബാങ്കുകള്‍, ഇന്‍ഷറന്‍സ്, ധനകാര്യ സേവനങ്ങള്‍ എന്നിവയ്ക്ക് രാവിലെ 10 മുതല്‍ ഒരു മണിവരെയും വളരെ കുറച്ച് ജീവനക്കാരുമായി രണ്ട് മണിവരെയും പ്രവര്‍ത്തിക്കാം.

അച്ചടി – ദൃശ്യ മാധ്യമങ്ങള്‍, കേബിള്‍, ഡിടിഎച്ച് സേവനങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ടെലികമ്യൂണിക്കേഷന്‍, ഇന്‍ര്‍നെറ്റ് സേവനങ്ങള്‍, ഐ.ടി അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. എല്ലാ അവശ്യ വസ്തുക്കളുടെയും ഹോം ഡെലിവറിയും ഇ കോമേഴ്‌സും അനുവദിക്കും. പെട്രോള്‍ പമ്പുകള്‍, പെട്രോളിയം, ഗ്യാസ്, എല്‍പിജി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തുറക്കാം. സെബി നോട്ടിഫൈ ചെയ്തിട്ടുള്ള സേവനങ്ങള്‍ നല്‍കാം. കോള്‍ഡ് സ്‌റ്റോറേജുകള്‍, വെയര്‍ഹൗസുകള്‍, സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങള്‍, മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, സാനിറ്റൈസറുകള്‍, മരുന്നുകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍, ഇ കോമേഴ്‌സ്, കൊറിയര്‍ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ അടക്കമുള്ളവയുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍, ടോള്‍ ബൂത്തുകള്‍, പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ എന്നിവ അനുവദിക്കും.

വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ അവശ്യവസ്തുക്കല്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഗ്യാസ് സിലിണ്ടറുകള്‍ എന്നിവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍. കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

റോഡ്-ജല ഗതാഗതം അനുവദനീയമല്ല. വിമാനസര്‍വീസുകള്‍ക്കും ട്രെയിന്‍ സര്‍വീസുകളും(മെട്രോ ഒഴികെ) പ്രവര്‍ത്തിക്കും.

ഇളവുള്ളവ:

ചരക്കു ഗതാഗതത്തിന് തടസ്സമില്ല.
ഫയര്‍ഫോഴ്‌സ്, ക്രമസമാധാനം, അടിയന്തര സേവനങ്ങള്‍, അവശ്യ വസ്തുക്കള്‍, മരുന്ന് എന്നിവ വാങ്ങാനും ആശുപത്രിയില്‍ പോകാനും റെയില്‍വേ സ്‌റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും പോകാനും വരാനും (ടിക്കറ്റ് തെളിവായി കയ്യില്‍ കരുതണം) ടാക്‌സികളും റിക്ഷകളും ഓല, യൂബര്‍ തുടങ്ങിയ സേവനങ്ങളും പ്രയോജനപ്പെടുത്താം.
അവശ്യവസ്തുക്കള്‍, മരുന്ന് എന്നിവ വാങ്ങാനും ഉത്തരവില്‍ അനുവദനീയമെന്ന് പറയുന്ന കാര്യങ്ങള്‍ക്കും മാത്രമേ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാവൂ. കോവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ സ്വകാര്യ വാഹനങ്ങളില്‍ പോകാ(വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ കാണിക്കണം)വുന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നോ രാജ്യങ്ങളില്‍നിന്നോ റെയില്‍വേ സ്‌റ്റേഷനിലോ വിമാനത്താവളത്തിലോ എത്തുന്നവര്‍ക്ക് ലക്ഷ്യസ്ഥാനത്തേക്ക് പോകാന്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.
ചരക്കുനീക്കത്തിനും അടിന്തര സേവനങ്ങള്‍ക്കും മാത്രമേ അന്തര്‍സംസ്ഥാന യാത്രകള്‍ അനുവദിക്കുകയുള്ളൂ. വ്യക്തികള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി അന്തര്‍സംസ്ഥാന യാത്രകള്‍ നടത്തണമെങ്കില്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ അനുവദനീയമല്ല

ഇളവുകള്‍

വിനോദസഞ്ചാരികള്‍, ലോക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിപ്പോയവര്‍, മെഡിക്കല്‍-അടിയന്തര സേവന ജീവനക്കാര്‍, വിമാനത്തിലെയും കപ്പലിലെയും ജീവനക്കാര്‍ എന്നിവര്‍ താമസിക്കുന്ന ഹോട്ടലുകള്‍, ഹോം സ്‌റ്റേകള്‍, ലോഡ്ജുകള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം.
ക്വാറന്റീന്‍ സൗകര്യങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ളവയ്ക്കും പ്രവര്‍ത്തിക്കാം.
വിദ്യാഭ്യാസ/പരിശീലന/ ഗവേഷണ/ കോച്ചിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ആരാധനാലയങ്ങള്‍ അടച്ചിടും. സാമൂഹിക/ രാഷ്ട്രീയ/ കായിക/ വിനോദ/ വിദ്യാഭ്യാസ/ സാംസ്‌കാരിക/ മതപരമായ കൂടിച്ചേരലുകള്‍ അനുവദനീയമല്ല. സംസ്‌കാരച്ചടങ്ങുകളില്‍ 20-പേരില്‍ അധികം പങ്കെടുക്കാന്‍ പാടില്ല. വിവരങ്ങള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. നേരത്തെ നിശ്ചയിച്ച വിവാഹങ്ങളില്‍, സാമൂഹിക അകലം പാലിച്ചുകൊണ്ട് 20 പേര്‍ക്കു വരെ പങ്കെടുക്കാം. തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയും വിവരങ്ങള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരുടെ യാത്രയ്ക്ക് തടസ്സമില്ല. ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലിക്കാര്‍ക്ക് യാത്ര ചെയ്യാം. ശുചീകരണ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള മണ്‍സൂണ്‍പൂര്‍വ തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല. വീട്ടുജോലിക്കാരുടെയും വയോധികരെയും കിടപ്പിലായവരെയും പരിചരിക്കുന്നവരുടെയും യാത്രയ്ക്ക് തടസ്സമില്ല.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും തടസ്സമില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അഞ്ചുപേര്‍ വരെയുള്ള സംഘങ്ങള്‍ക്ക് തൊഴിലുറപ്പ് ജോലിക്കും അയ്യന്‍കാളി തൊഴിലുറപ്പ് ജോലിക്കും പോകാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തൊഴിലാളികളെ ജോലിസ്ഥലത്ത് എത്തിക്കാം. പക്ഷെ ഈ സംവിധാനം കുറയ്ക്കുന്നതാണ് അഭികാമ്യം.

ഇളവുകള്‍ അനുവദനീയമായ സ്ഥാപനങ്ങളും തൊഴിലാളികളും കോവിഡ് 19-ന് എതിരായ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കൂടാതെ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും പാലിക്കണം.

നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെയും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെയും നിയോഗിക്കാം. ഓരോ മേഖലയിലും ഈ നിയന്ത്രണങ്ങള്‍ ശരിയായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ക്കാണ്.

ജനങ്ങളുടെ യാത്രകളെ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് നിയന്ത്രണങ്ങളെന്നും അവശ്യവസ്തുക്കളുടെ നീക്കത്തിനെ ഇത് ബാധിക്കരുതെന്നും നിയന്ത്രണം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം.

ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജീവനക്കാരുടെ യാത്ര, സാധനങ്ങള്‍ എത്തിക്കല്‍, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ തുടങ്ങിയവയ്ക്ക് തടസ്സമുണ്ടാകുന്നില്ലെന്ന് ഇന്‍സിഡന്റ് ഓഫീസര്‍മാര്‍ പ്രത്യേകം ഉറപ്പുവരുത്തണം.

error: Content is protected !!