വഴിയോരങ്ങളിലെ കുളിർകാഴ്ചയായി മഞ്ഞവാകയും ഗുൽമോഹറും
കോവിഡ് ഭീതിയിലും പാതയോരങ്ങളിൽ പൂഞ്ഞുലഞ്ഞു മനസിനു കുളിർമയേകി മഞ്ഞവാകയും ഗുൽമോഹറും. കൊഴിഞ്ഞുവീണ വാകപ്പൂക്കൾ വീണ വീഥികൾ മഞ്ഞപ്പട്ട് വിരിച്ചതു പോലെ. വൈകുന്നേരത്തെ മഴയിൽ റോഡിൽ വീണ പൂക്കൾ ഒഴുകി പരക്കുന്നതും മറ്റൊരു മനോഹര കാഴ്ച.
റോഡരികിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ മുറ്റത്തും വാകയും ഗുൽമോഹറും തണൽ വിരിച്ചു നിൽക്കുന്നുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വഴിയോരങ്ങളിൽ നടുന്നതിനായി കൂടുതലും ഉപയോഗിക്കുന്നത് വാകമരങ്ങളാണ്. തടിക്ക് കട്ടിയുള്ളതിനാൽ ഇതു കാറ്റത്ത് ഒടിയുന്നത് വിരളമാണ്. ഇതിന്റെ ഇല ചില പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണമായി നൽകുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ ഇതിന്റെ പൂക്കൾ വിവിധ ആഘോഷങ്ങൾക്കായും ഉപയോഗിക്കുന്നുണ്ട്. പെൽറ്റോഫോറം ടീ റോകാർപം എന്നാണ് മഞ്ഞവാകയുടെ ശാസ്ത്രീയനാമം.
മഡഗാസ്കറിൽനിന്നു നൂറു വർഷം മുന്‍പ് ഇന്ത്യയിലെത്തിയ ഗുൽമോഹറിൽ ഓറഞ്ചു പൂക്കളാണുള്ളത്. ഇതിന്റെ ശിഖരങ്ങൾ പെട്ടെന്ന് ഒടിയാറുള്ളതിനാൽ ഇപ്പോൾ ഇതു നടുന്നതു കുറവാണ്. ഗോൾഡ് മോഹർ എന്നും ഇതിനെ വിളിക്കാറുണ്ട്. ഡെ ലോണിക്സ് റീജിയ എന്നാണ് ഗുൽമോഹറിന്റെ ശാസ്ത്രീയനാമം. മാർച്ച് മുതൽ ജൂണ്‍ വരെയാണ് വാകയുടെയും ഗുൽമോഹറിന്റെയും പുഷ്പകാലം.
കനൽപോലെ ജ്വലിക്കുന്ന മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കൾ വിടർന്ന ഈ പൂമരങ്ങൾ കോവിഡ് ഭീതി നിറഞ്ഞ ഈ വേനൽക്കാലത്തും കുളിർകാഴ്ചയായി പന്തൽവിരിച്ചു നിൽക്കുകയണ്.