യു.ഡി.എഫിന്‌ ആശ്വാസ‘ക്കോട്ടയം’


കോട്ടയം: ജില്ലയിൽ ഇടത് ആധിപത്യം. ഒൻപതു മണ്ഡലങ്ങളിൽ അഞ്ചിടത്തും വിജയം നേടി എൽ.ഡി.എഫ്‌ ആധിപത്യം ഉറപ്പിച്ചു.

സംസ്‌ഥാനത്തുടനീളം നേരിട്ട തിരിച്ചടിക്കിടയിലും നാലു മണ്ഡലങ്ങളിലെ വിജയം യു.ഡി.എഫിന്‌ ആശ്വാസമായി. എൻ.ഡി.എ.ക്കാകട്ടെ കാഞ്ഞിരപ്പള്ളിയിലടക്കം ഒൻപതു മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാൾ വോട്ട്‌ കുറഞ്ഞു.

പാലായിൽ മാണി സി.കാപ്പന്റെ ജയവും പൂഞ്ഞാറിൽ പി.സി.ജോർജിന്റെ തോൽവിയുമാണ്‌ ഈ തിരഞ്ഞെടുപ്പിലെ ഹൈലൈറ്റ്‌.

പാലായിൽ ജോസ്‌ ‌കെ.മാണിയെ പരാജയപ്പെടുത്താനായത്‌ കാപ്പനും കോൺഗ്രസിനും ആശ്വാസം പകരും. കേരള കോൺഗ്രസ്‌ എമ്മിന്റെ കരുത്തിലാണ്‌ യു.ഡി. എഫിനൊപ്പമായിരുന്ന കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയും എൽ.ഡി.എഫ്‌.നേടിയത്‌. എന്നാൽ ചെയർമാന്റെ തട്ടകമായ പാലാ അവർക്ക്‌ നിലനിർത്താനായില്ല. കേരള കോൺഗ്രസ്‌ എം ഇടതുമുന്നണിയിലേക്ക്‌ പോയിട്ടും യു.ഡിഎഫിന്‌ പാലായടക്കം നാലു സീറ്റ്‌ നിലനിർത്താനായി.

ജില്ലയുടെ ചരിത്രത്തിൽ ഇടതുമുന്നണിക്ക് വലിയ രാഷ്ട്രീയ വിജയമാണ് ഈ തിരഞ്ഞെടുപ്പു ഫലം. ജില്ലയിൽ മൂന്നു മണ്ഡലങ്ങളിൽ മത്സരിച്ച സി.പി.എമ്മിന് ഏറ്റുമാനൂർ നിലനിർത്താനായി. കോട്ടയത്തും പുതുപ്പള്ളിയിലും യു.ഡി.എഫിലെ കരുത്തരുടെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാനായി. സി.പി.ഐ. വൈക്കത്ത് ലീഡ് ഉയർത്തി മേധാവിത്വം ഉറപ്പിച്ചു.

അഞ്ചിടത്ത് മത്സരിച്ച കേരളാ കോൺഗ്രസ് എം മൂന്നിടത്ത് ജയം പിടിച്ച് ഇടതു അക്കൗണ്ടിൽ ചേർത്തു.

കേരളാ കോൺഗ്രസ് എമ്മിനെ ഒപ്പം നിർത്തിയത് ഇടതുപക്ഷത്തിൻ്റെ തഷ്ട്രീയ വിജയത്തിന് ഇന്ധനം പകർന്നു. മറുവശത്ത് കേരളാ കോൺഗ്രസിന്നാകട്ടെ ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

error: Content is protected !!