പാലാ-പൊൻകുന്നം റോഡിൽ സ്ഥാപിച്ചിട്ടുള്ള അഞ്ഞൂറിലേറെ സൗരവിളക്കുകളിൽ പ്രവർത്തിക്കുന്നത് അൻപതെണ്ണത്തിൽ താഴെ മാത്രം

പൊൻകുന്നം: ഓരോ 45 മീറ്ററിലും ഒരു സൗരവിളക്ക്. രാത്രി രാജകീയ യാത്രയായിരുന്നു രണ്ടുവർഷം മുൻപുവരെ പാലാ-പൊൻകുന്നം റോഡിൽ. ഇരുവശത്തുനിന്നും തീവ്രപ്രകാശം ചൊരിയുന്ന സൗരവിളക്കുകൾ. പകൽപോലെ രാവും. അത്രയേറെ പ്രൗഢിയായിരുന്നു ഈ റോഡിന്.

എന്നാൽ, വിളക്കുകൾ ഓരോന്നായി അണഞ്ഞുതുടങ്ങി. ചിലവ ബാറ്ററി തീർന്ന് മണിക്കൂറുകൾക്കുള്ളിൽ കെട്ടു. പിന്നെ അവയുടെ ആയുസ്സും തീർന്നു. വാഹനങ്ങളിടിച്ച് കുറേയേറെ വിളക്കുകൾ തകർന്നു. അവയ്‌ക്കെല്ലാം കൃത്യമായി കെ.എസ്.ടി.പി.യോ പൊതുമരാമത്ത് വകുപ്പോ നഷ്ടപരിഹാരം ഈടാക്കി. പക്ഷേ, ഒരുവിളക്കുപോലും നന്നാക്കിയില്ല.

മൂന്നുവർഷത്തേക്ക് പരിപാലനച്ചുമതലയോടെയാണ് കരാറെടുത്ത കമ്പനി സൗരവിളക്കുകൾ സ്ഥാപിച്ചത്. രണ്ടുവർഷമായപ്പോൾ മുതൽ വിളക്കുകൾ കേടായി തുടങ്ങി. ഇതിനിടെ വാർഷിക അറ്റകുറ്റപ്പണികളും സോളാർ പാനൽ വൃത്തിയാക്കലും നടത്തിയതല്ലാതെ കേടായ ഒരുവിളക്കുപോലും കമ്പനി പുനഃസ്ഥാപിച്ചില്ല.

വാറന്റി കാലയളവിലായിട്ടും ഇവയുടെ നന്നാക്കലിന് കമ്പനിയെ ഓർമിപ്പിക്കാൻ റോഡ് വകുപ്പും ശ്രദ്ധിച്ചില്ല. ഇപ്പോൾ കരാർ കാലാവധി പിന്നിട്ടു. അതിന് ശേഷമാണ് സൗരവിളക്കുകൾ തകരാറിലാണെന്നത് അധികൃതർ കണ്ടെത്തുന്നത്. എന്നിട്ടും ഇവ പരിഹരിക്കാൻ പദ്ധതി ആസൂത്രണം നടത്തിയില്ല.

ഇപ്പോൾ പാലാ-പൊൻകുന്നം റോഡിലുള്ള അഞ്ഞൂറിലേറെ വഴിവിളക്കുകളിൽ തെളിയുന്നത് അൻപതെണ്ണത്തിൽ താഴെ മാത്രം. മറ്റുള്ള വിളക്കുകൾ അനർട്ടുമായി ചേർന്ന് പുനഃസ്ഥാപിക്കാൻ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ വിശദീകരിച്ചു. പക്ഷേ, വാറന്റി കാലാവധിയിൽ നന്നാക്കാമായിരുന്ന വിളക്കുകൾ എന്തുകൊണ്ട് നന്നാക്കിയില്ലെന്ന ജനങ്ങളുടെ സംശയം അപ്പോഴും ബാക്കി.

error: Content is protected !!