നിയമസഭ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ബി.ജെ.പി. വോട്ട് മറിഞ്ഞതിനെ ചൊല്ലി യു.ഡി.എഫും എൽ.ഡി.എഫും പരസ്പരം ആരോപണം നടത്തുന്നു.

കാഞ്ഞിരപ്പള്ളി: നിയോജകമണ്ഡലത്തിലെ ബി.ജെ.പി. വോട്ട് ചോർച്ചയെ ചൊല്ലി യു.ഡി.എഫ്. എൽ.ഡി.എഫ്. പോര് രൂക്ഷമാകുന്നു. ബി.ജെ.പി. ശക്തനായ സ്ഥാനാർഥിയെ ഇറക്കിയിട്ടും 2016-ലെ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടുപോലും നേടാനാകാതിരുന്നത് എൽ.ഡി.എഫിന് വോട്ട് മറിച്ചതാണെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു.

എന്നാൽ, ബി.ജെ.പി.യുമായി കൂട്ടുകെട്ടില്ലെന്നും എൽ.ഡി.എഫ്. സർക്കാരിന്റെ വികസനനേട്ടങ്ങളാണ് മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷം നേടാൻ സഹായിച്ചതെന്നുമാണ് എൽ.ഡി.എഫ്. പറയുന്നത്.

ബി.ജെ.പി. ഭരിക്കുന്ന പള്ളിക്കത്തോട് പഞ്ചായത്തിലടക്കം എൽ.ഡി.എഫാണ് മുന്നിലെത്തിയത്. ബി.ജെ.പി. വോട്ടുകൾ എൽ.ഡി.എഫിലേക്ക് പോയതാണ് തോൽവിക്ക് കാരണമെന്ന് നേരത്തെ യു.ഡി.എഫ്. സ്ഥാനാർഥി ജോസഫ് വാഴയ്ക്കൻ ആരോപിച്ചിരുന്നു.

മണ്ഡലത്തിലെ വോട്ടുകച്ചവടം മൂടിവെയ്ക്കുന്നതിന് എൽ.ഡി.എഫും ബി.ജെ.പി.യും കോൺഗ്രസിനെ ആക്ഷേപിക്കുന്നത് അപഹാസ്യമാണെന്ന് യു.ഡി.എഫ്. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പള്ളിക്കത്തോട് പഞ്ചായത്തിൽ 3,577 വോട്ടുകൾ നേടി രണ്ടാമത് എത്തിയ ബി.ജെ.പി. ഇത്തവണ 2,823 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3,215 വോട്ടുകൾ നേടിയ എൽ.ഡി.എഫ്. ഇത്തവണ 4,800 വോട്ടുനേടി ഒന്നാമത് എത്തിയത് ബി.ജെ.പി.യുടെ വോട്ടുകൾ കൊണ്ടാണെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു. എൽ.ഡി.എഫും ബി.ജെ.പി.യും വോട്ടുകച്ചവടം നടത്തിയതായി കണക്കുകൾ തെളിയിക്കുന്നുണ്ടെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി റോണി കെ.ബേബി അറിയിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള രഹസ്യധാരണ പുറത്തായത്തിന്റെ ജാള്യതമറയ്ക്കാനുള്ള ജോസഫ് വാഴയ്‌ക്കന്റെ ശ്രമം വിലപോവില്ലെന്ന് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം.എ.ഷാജി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരേ ശക്തമായ പ്രചാരണം നടത്തിയത് എൽ.ഡി.എഫാണ്. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിളക്കമാർന്ന വിജയം സമ്മാനിച്ച വോട്ടർമാരെ അഭിനന്ദിക്കുന്നതായും സി.പി.ഐ. മണ്ഡലം സെക്രട്ടറികൂടിയായ എം.എ.ഷാജി പറഞ്ഞു.

error: Content is protected !!