കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന ഓഫീസിന്റെ പ്രവർത്തനം പുനരാരംഭിച്ചു കാഞ്ഞിരപ്പള്ളി: ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താത്‌കാലികമായി അടച്ച അഗ്നിരക്ഷാസേന സ്റ്റേഷന്റെ പ്രവർത്തനം പുനരാരംഭിച്ചു. എല്ലാവരും രോഗമുക്തരായതോടെയാണ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചത്. സ്റ്റേഷൻ കെട്ടിടവും വാഹനങ്ങളും പരിസരവും അണുനാശിനി തളിച്ച് അണുവിമുക്തമാക്കിയ ശേഷമാണ് പ്രവർത്തനം തുടങ്ങിയത്. ആകെയുള്ള 45 ഉദ്യോഗസ്ഥരിൽ 38 പേർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ 20-നാണ് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചത്. തുടർന്ന് കാഞ്ഞിരപ്പള്ളി ഇൻഫന്റ് ജീസസ് സ്‌കൂളിൽ താത്‌കാലികമായി ഓഫീസ് തുറന്ന് പ്രവർത്തിപ്പിച്ചിരുന്നു. കോട്ടയം ഫയർ സ്റ്റേഷനിൽനിന്നുള്ള മൊബൈൽ ടാങ്ക് യൂണിറ്റും ഈരാറ്റുപേട്ട, പാലാ ഫയർ സ്റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെയും നിയോഗിച്ചാണ് കഴിഞ്ഞ ദിവസംവരെ താത്‌കാലിക ഫയർ സ്റ്റേഷൻ പ്രവർത്തിച്ചത്.