വാക്സിൻ; തിരക്കൊഴിവാക്കുവാൻ ഇന്നുമുതൽ പുതിയ ക്രമീകരണം; തിങ്കളാഴ്ച എത്തേണ്ടത് മാർച്ച് ഒന്നുമുതൽ മൂന്നുവരെ ഒന്നാം ഡോസ് സ്വീകരിച്ചവർ
കോട്ടയം ജില്ലയിൽ തിങ്കളാഴ്ച 26 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നടക്കും. 24 കേന്ദ്രങ്ങളിൽ കോവിഷീൽഡ് വാക്‌സിനും രണ്ടിടത്ത് കോവാക്‌സിനുമാണ് നൽകുന്നത്.
എല്ലാ കേന്ദ്രങ്ങളിലും 80 ശതമാനം കോവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസ് എടുക്കാൻ സമയമായവർക്കാണ് നൽകുക. ശേഷിക്കുന്ന 20 ശതമാനം ഓൺലൈൻ ബുക്കിങ് നടത്തുന്ന ഒന്നാം ഡോസുകാർക്കായി മാറ്റിവച്ചിരിക്കുന്നു.
കോവാക്‌സിൻ നൽകുന്ന കേന്ദ്രങ്ങളിൽ ആദ്യ ഡോസ് എടുത്ത് നാലാഴ്ച പിന്നിട്ടവർക്കു മാത്രമാണ് സ്‌പോട്ട് രജിസ്‌ട്രേഷൻ. ആദ്യ ഡോസ് എടുക്കേണ്ടവർ ഓൺലൈനിൽ ബുക്ക് ചെയ്യണം.കോവിഷീൽഡ് വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനും എല്ലാവർക്കും നിശ്ചിത സമയപരിധിക്കുള്ളിൽ രണ്ടാം ഡോസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും തിങ്കളാഴ്ച മുതൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
നിശ്ചിത തീയതികളിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്കു മാത്രമായിരിക്കും ഓരോ ദിവസവും രണ്ടാം ഡോസ് നൽകുക. മാർച്ച് ഒന്നു മുതൽ മൂന്നുവരെ കോവിഷീൽഡ് വാക്‌സിന്‍റെ ഒന്നാം ഡോസ് സ്വീകരിച്ചവരാണ് തിങ്കളാഴ്ച രണ്ടാം ഡോസ് സ്വീകരിക്കാൻ എത്തേണ്ടത്. അതത് മേഖലകളിലെ ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും ഫോൺ മുഖേനയോ എസ്.എം.എസ്. മുഖേനയോ വിവരം അറിയിക്കുന്നവർ മാത്രം എത്തിയാൽ മതിയാകും.
മറ്റു തീയതികളിൽ ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് ഇന്ന് രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കുന്നതല്ല. വരും ദിവസങ്ങളിലും ആദ്യ ഡോസ് സ്വീകരിച്ച തീയതി അടിസ്ഥാനമാക്കിയായിരിക്കും രണ്ടാം ഡോസ് വിതരണം ചെയ്യുക. ഇക്കാര്യം ഉറപ്പാക്കുന്നതിന് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.