പൂഞ്ഞാർ നിയോജക മണ്ഡലം കോവിഡ് സാഹചര്യങ്ങൾ
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെയും, മറ്റ് 9 പഞ്ചായത്തുകളിലെയും പൊതു ആരോഗ്യ കേന്ദ്രങ്ങളിലെ (PHC, FHC,CHC) മെഡിക്കൽ ഓഫീസർമാർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ അവലോകനയോഗം 10-5- 2021 തിങ്കളാഴ്ച ആഴ്ച 2 30 പി എമ്മിന് ഓൺലൈൻ ആയി ചേർന്നു. പ്രസ്തുത യോഗത്തിൽ പൂഞ്ഞാർ എംഎൽഎ യെ കൂടാതെ സംസ്ഥാന ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജഗദീഷ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, NHM ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. വിദ്യാധരൻ, കൊറോണ സെൽ നോഡൽ ഓഫീസർ ഡോ. ഭാഗ്യശ്രീ എന്നിവരും പങ്കെടുത്തു. യോഗത്തിൽ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, കൊറോണ രോഗ വ്യാപനം ഒരു പരിധിവരെ നിയന്ത്രണവിധേയമാണെന്നും ചികിത്സാ-പ്രതിരോധ സംവിധാനങ്ങൾ താരതമ്യേന തൃപ്തികരമാണെന്നും വിലയിരുത്തി. നിയോജകമണ്ഡലത്തിൽ നിലവിൽ 18 വാർഡുകളെ Containment zone ആയും 12 വാർഡുകൾ micro containment zone ആയും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് . രൂക്ഷമായ കോവിഡ് വ്യാപനം നിലനിൽക്കുന്ന ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ ശാസ്താംകുന്ന് പ്രദേശം, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ രാജീവ് ഗാന്ധി കോളനി, കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കൊട്ടാരം കട – കോസടി ഭാഗം, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ താളുങ്കൽ ഭാഗം എന്നീ പ്രദേശങ്ങൾ ക്ലസ്റ്ററുകൾ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി, പാറത്തോട്, തിടനാട്, പൂഞ്ഞാർ തെക്കേക്കര, കോരുത്തോട്, കൂട്ടിക്കൽ എന്നീ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലാണ് കോവിഡ് വ്യാപനം ശരാശരിയിലും അധികമായി ഉള്ളത്. ഇതിനോടകം ഈ നിയോജക മണ്ഡലത്തിൽ നാളിതു വരെ 13,772 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ 2,008 ആളുകൾ ഇപ്പോഴും ചികിൽസയിൽ തുടരുന്നു. മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
ചികിത്സാ- പ്രതിരോധ സംവിധാനങ്ങൾ വിലയിരുത്തിയതിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ എല്ലാ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നല്ല പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. നിയോജക മണ്ഡലത്തിൽ മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ച് ഒരു Second Level Covid Treatment Center ഉം പാറത്തോട് നിർമ്മലാ റിന്യൂവൽ സെന്റർ, അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയം , എരുമേലി CHC എന്നിവിടങ്ങളിൽ CFLTC കളും ആരംഭിച്ച കഴിഞ്ഞു. ഇതു കൂടാതെ ഈരാറ്റുപേട്ടയിലെ ശാദി മഹൽ ഓഡിറ്റോറിയത്തിലും, മുണ്ടക്കയം സെന്റ് ജോസഫ് സ്കൂളിലും, തിടനാട് സെന്റ് ജോസഫ് ചർച്ച് പാരീഷ് ഹാളിലും DCC (Domiciliary Care Center) കൾ പ്രവർത്തിച്ചു വരുന്നു. തിടനാട് പഞ്ചായത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ CFLTC ആരംഭിക്കുന്നതിനും, കൂടാതെ പാറത്തോട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ കോരുത്തോട് എന്നീ പഞ്ചായത്തുകളിലും DCC കൾ ആരംഭിക്കുന്നതിന് നടപടികൾ നടന്നു വരുന്നു. ഇതോടൊപ്പം ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ എംഇഎസ് ജംഗ്ഷനിൽ ഗവൺമെൻറ് എൽ പി സ്കൂളിൽ (കവല സ്കൂൾ) ഒരു കൺട്രോൾ റൂം പ്രവർത്തിച്ചുവരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എല്ലാവിധ അവശ്യ സേവനങ്ങൾക്കും ആയി Rapid Response Team (RRT) രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. ഇതു കൂടാതെ വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ, യുവജന സംഘടനകളുടെ നേതൃത്വത്തിലും കോവിഡ് പ്രതിരോധ സേവന പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്.
മഴക്കാലത്തിലേക്ക് കടക്കുന്നതിനാൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള മറ്റിതര പകർച്ചവ്യാധികളും വ്യാപിക്കാൻ ഇടയുള്ളതിനാൽ അടിയന്തരമായി മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട് എന്നും അതിൽ തന്നെ റബ്ബർ തോട്ടങ്ങൾ, കൈതതോട്ടങ്ങൾ എന്നിവിടങ്ങളിൽ മഴവെള്ളം കെട്ടിനിന്ന് ഈഡിസ് കൊതുകുകൾ വർദ്ധിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും, മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളും, പരിസര ശുചീകരണവും അടിയന്തരമായി നടപ്പിലാക്കണമെന്നും ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്നും യോഗം നിർദ്ദേശിച്ചു. ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അവശ്യ മരുന്നുകൾ, Oxygen സൗകര്യം, Oxygen Concentrator, Pulse Oxymeter എന്നിവ ലഭ്യമാക്കുന്നതിനും നിശ്ചയിച്ചു. വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ സ്റ്റാഫ് അംഗങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും കുറവ് പരിഹരിക്കുന്നതിനായി ശ്രമിക്കുന്നതിനു നിശ്ചയിച്ചു. ഇതിൻറെ ഭാഗമായി പറത്താനം, പാറത്തോട്, കോരുത്തോട് എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ ഉള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ(JPHN) ഒഴിവിലേക്ക് പ്രസ്തുത കോഴ്സ് പാസായിട്ടുള്ള മേൽ പ്രദേശങ്ങളിൽ നിന്നുള്ള വ്യക്തികൾ ഉള്ള പക്ഷം അവരെ NHM വഴി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചയിച്ചു. യോഗ്യത ഉള്ളവർ ഉണ്ട് എങ്കിൽ NHM ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരനുമായി ബന്ധപ്പെടാവുന്നതാണ്.
കോവിഡ വ്യാപനം മൂലം ഓക്സിജൻ ലഭ്യത കുറവ് അഭിമുഖീകരിക്കപ്പെടുന്ന സാഹചര്യത്തിൽ ജില്ലയ്ക്കും സംസ്ഥാനത്തിനും പ്രയോജനകരമാകും വിധം ഉള്ള ഒരു ഓക്സിജൻ പ്ലാൻറ് സ്ഥാപിച്ച് ഓക്സിജൻ, ലഭ്യത ഉറപ്പുവരുത്തുന്നതിന് കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലനാട് ഡെവലപ്മെൻറ് സൊസൈറ്റി (MDS) യോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും പ്ലാൻറ് സ്ഥാപിക്കുന്നതിനാവശ്യമായ പ്രാഥമിക നടപടികൾ MDS സ്വീകരിച്ചിട്ടുണ്ട് എന്നും ആസന്നഭാവിയിൽ യാഥാർത്ഥ്യമാക്കുമെന്നും എംഎൽഎ യോഗത്തിൽ അറിയിച്ചു,
യോഗ തീരുമാനങ്ങൾ
(1) എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് ഇതര രോഗികൾക്ക് വൈദ്യ സഹായത്തിനായി ഡോക്ടർമാരെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് ചികിത്സതേടാവുന്ന വിധത്തിൽ Tele Medicine Consultaion രീതി നടപ്പിലാക്കുന്നതിന് നിശ്ചയിച്ചു.
(2) CFLTCകൾ, DCCകൾ, ഇവയുടെ പ്രവർത്തനങ്ങൾ പരമാവധി മികച്ച നിലയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മേൽനോട്ടവും നേതൃത്വവും ഉറപ്പുവരുത്തുന്നതിനും, സന്നദ്ധസംഘടനകളുടെയും, മറ്റ് ഉദാരമതികളുടെയും സഹായസഹകരണങ്ങൾ തേടുന്നതിന് നിശ്ചയിച്ചു.
(3) വാക്സിൻ ലഭ്യതയ്ക്കനുസരിച്ച് കഴിവതും എല്ലാ ആരോഗ്യ കേന്ദ്രങ്ങളോടും അനുബന്ധിച്ച് വാക്സിനേഷനുകൾ നടത്തുന്നതിന് നിശ്ചയിച്ചു.
(4) RTPCR, Antigen ടെസ്റ്റുകൾ കൂടുതലായി നടത്തുന്നതിനും തിടനാട് ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് അമ്പാറ നിരപ്പേൽ, തിടനാട് ടൗൺ, പിണ്ണാക്കനാട് എന്നീ സ്ഥലങ്ങളിലും, എരുമേലി ഗ്രാമ പഞ്ചായത്തിന്റ ആവശ്യം പരിഗണിച്ച് മൂക്കംപെട്ടി-കാളകെട്ടിയിലും പ്രത്യേക ആന്റിജൻ ടെസ്റ്റ് ക്യാമ്പുകൾ നടത്തുന്നതിനും നിശ്ചയിച്ചു.
(5) എല്ലാ ആരോഗ്യ കേന്ദ്രങ്ങളോടും അനുബന്ധിച്ച് പരമാവധി ആബുലൻസ് സൗകര്യങ്ങൾ ക്രമീകരിക്കുന്നതിന് നിശ്ചയിച്ചു.
(6) ആരോഗ്യപ്രവർത്തകർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സഹായിക്കേണ്ടതാണെന്നും നിർദ്ദേശിച്ചു.
(7) Covid positive കേസുകളിൽ മിതമായ രോഗലക്ഷണങ്ങൾ മാത്രമുള്ളവരും വീടുകളിൽ മതിയായ സൗകര്യമുള്ള വരും വീടുകളിൽ മാത്രം കഴിഞ്ഞാൽ മതിയാവും.
(😎 ശുചിത്വ പരിപാലനം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ആശാവർക്കർമാർ മുഖേന സാമൂഹ്യ മാധ്യമങ്ങൾ വഴി ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നിശ്ചയിച്ചു.
ജനകീയ സഹകരണത്തോടെ നിറവേറ്റേണ്ട ആവശ്യങ്ങൾ
(1) കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലെ അടിയന്തര ആവശ്യങ്ങൾക്കുള്ള ആംബുലൻസ് സംവിധാനം (സൗജന്യമായി, താൽക്കാലികമായി ലഭിച്ചാലും മതിയാവും)
(2) PPE കിറ്റുകൾ, മരുന്നുകൾ, ഗ്ലൗസുകൾ തുടങ്ങി അവശ്യ വസ്തുക്കൾ.
കോവിഡ് മഹാമാരിയെ അതിജീവിച്ച് നമ്മുടെ നാടിനെ സംരക്ഷിക്കാൻ, ജനങ്ങളെ കരുതലോടെ പരിരക്ഷിക്കാൻ നമുക്ക് ഒന്നിച്ച് മുന്നേറാം.
സാമൂഹിക അകലത്തിന്റെ ഈ കാലഘട്ടത്തിൽ മാനസിക ഐക്യം ആകട്ടെ നമ്മുടെ മുഖമുദ്ര.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
നിയുക്ത പുഞ്ഞാർ എം എൽ എ