എരുമേലിക്കാരനാണ് റിസർവ് ബാങ്കിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർ
എരുമേലിക്കാരനാണ് റിസർവ് ബാങ്കിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന് വാർത്തകളിൽ ആദ്യം ഇല്ലായിരുന്നു.. ഒരു മലയാളി റിസർവ് ബാങ്കിന്റെ തലപ്പത്ത് എന്ന തലക്കെട്ടോടെ ഇന്നലെ വൈകിട്ട് ആണ് ഓൺലൈൻ മാധ്യമങ്ങളിൽ ആ വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. അപ്പോൾ തന്നെ ആ മലയാളിയുടെ ജന്മനാട്ടിലെ ഫേസ്ബുക് ഗ്രൂപ്പിൽ നാടിന്റെ അഭിമാന നിമിഷം എന്ന് ഫോട്ടോ നൽകി പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ചേലുള്ള ഗ്രാമം ചേനപ്പാടി എന്ന ഫേസ്ബുക് ഗ്രൂപ്പിൽ അങ്ങനെ പ്രത്യക്ഷപ്പെട്ട ഫോട്ടോയും നാടിന്റെ അഭിമാന നിമിഷം എന്ന തലക്കെട്ടും കണ്ട് പലരും ഇയാൾ നമ്മുടെ നാട്ടുകാരൻ ആയിരുന്നോ എന്ന് വിസ്മയിച്ചു. അദ്ദേഹത്തെ അറിയാവുന്നവർ ചേനപ്പാടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഫോൺ ചെയ്ത് സഹോദരനെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.
ചേനപ്പാടിയിൽ ജനിച്ച് വളർന്ന് ചേനപ്പാടിയിലെ സ്കൂളിൽ പഠിച്ച് ഇന്ന് റിസർവ് ബാങ്കിന്റെ ആകെയുള്ള നാല് എക്സിക്യൂട്ടീവ് ഡയറക്ടർമാരിൽ ഒരാളായി ചുമതലയേറ്റിരിക്കുകയാണ് ജോസ് ജെ കാട്ടൂർ. എരുമേലിയിലെ നാട്ടുകാർ അഭിമാനിക്കേണ്ട നിമിഷമാണ് ഇത്. തങ്ങളുടെ രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ മേലധികാരിയും മേധാവിയും ഒക്കെയായ രാജ്യത്തിന്റെ കറൻസി അച്ചടിച്ചു വരെ നൽകുകയും സകല വിധ ബാങ്കിംഗ് നിയന്ത്രണങ്ങളുടെയും ചുമതല വഹിക്കുന്ന റിസർവ് ബാങ്കിന്റെ ഏറ്റവും ഉന്നതമായ ഭരണ ചുമതലയിലേക്ക് എത്തിയിരിക്കുകയാണ് ഒരു എരുമേലിക്കാരൻ. ചേനപ്പാടിയിലെ നാട്ടുകാർക്ക് സ്വന്തം നാട്ടിലെ ആൾ ആണ് റിസർവ് ബാങ്കിന്റെ തലപ്പത്തെന്ന് തല ഉയർത്തി തന്നെ പറയാം.
രണ്ട് വർഷം മുമ്പ് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ജോസ് ജെ കാട്ടൂർ ചേനപ്പാടിയിൽ വന്നിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ നേരത്തെ എസ് ബി ഐ ബ്രാഞ്ച് മാനേജർ ആയിരുന്നു. എരുമേലിയിലും ജോലി ചെയ്തിട്ടുണ്ട്. സഹോദരി വിവാഹിതയായി ചേനപ്പാടിയിൽ തന്നെയാണ് താമസിക്കുന്നത്.
ചേനപ്പാടി പരേതരായ കാട്ടൂർ എം സി ജോസഫ് – കുഞ്ഞമ്മ ദമ്പതികളുടെ മകനായ ജോസ് ജെ കാട്ടൂർ കഴിഞ്ഞ 30 വർഷത്തിലേറെയായി ബാങ്കിംഗ് രംഗത്തെ പ്രധാന തസ്തികകളിൽ ജോലി ചെയ്തു വരികയാണ്. റിസർവ് ബാങ്കിൽ തന്നെ കമ്മ്യൂണിക്കേഷൻ, മാനവവിഭവശേഷി വികസനം, സാമ്പത്തിക ഉൾപ്പെടുത്തൽ, സൂപ്പർവിഷൻ, കറൻസി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്
റിസർവ് ബാങ്കിന്റെ ബംഗളൂരു റീജിയണൽ ഓഫീസ് മേധാവിയും കർണാടക റീജിയണൽ ഡയറക്‌ടറുമായി പ്രവർത്തിക്കവേയാണ് ജോസ് ജെ. കാട്ടൂരിനെ തേടി പുതിയ ചുമതലയെത്തിയത്.
റിസർവ് ബാങ്കിലെ ഉന്നത പദവികളിലൊന്നായ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സ്ഥാനത്ത് ആണ് ഇപ്പോൾ നിയമിതനായിരിക്കുന്നത്. മേയ് നാലിന് നിയമനം പ്രാബല്യത്തിൽ വന്നുവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എന്ന നിലയിൽ മാനവവിഭവശേഷി വികസനം, കോർപ്പറേറ്റ് സ്‌ട്രാറ്റജി ആൻഡ് ബഡ്ജറ്റ്, രാജ്ഭാഷാ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹം വഹിക്കുക.
ആനന്ദിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദം, ഗുജറാത്ത് സർവകലാശാലയിൽ നിന്ന് നിയമബിരുദം, പെൻസിൽവാനിയയിലെ വാർട്ടൺ സ്‌കൂൾ ഒഫ് ബിസിനസിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം സർട്ടിഫിക്കറ്റ് എന്നിവ ജോസ് ജെ. കാട്ടൂർ നേടിയിട്ടുണ്ട്. സർട്ടിഫൈഡ് അസോസിയേറ്റ് ഒഫ് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് പ്രൊഫഷണൽ യോഗ്യതയും അദ്ദേഹത്തിനുണ്ട്.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയിൽ (എം.പി.സി) മലയാളിയും ചാലക്കുടി സ്വദേശിയുമായ പ്രൊഫ. ജയന്ത് ആർ. വർമ്മ കഴിഞ്ഞ വർഷം ഒക്‌ടോബറിൽ നിയമിക്കപ്പെട്ടിരുന്നു.
ലത ആണ് ജോസ് ജെ കാട്ടൂരിന്റെ ഭാര്യ. ശ്രുതി, സജ്‌ന എന്നിവരാണ് മക്കൾ.