കോവിഡിൽ പതറാതെ നയിച്ച് ഇവർ

കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിൽ 30 ശതമാനത്തിൽ കൂടുതലായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴിൽ താഴെയായി കുറഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചപ്പോൾ അധിക നിയന്ത്രണം ഏർപ്പെടുത്തിയും പരിശോധനകളുടെ എണ്ണം കൂട്ടിയും പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും ഉണർന്ന് പ്രവർത്തിച്ചു. വീണ്ടും നിയന്ത്രണങ്ങൾ കുറച്ചെങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. അന്നത്തെ അന്നത്തിനായി പണിയെടുക്കുന്നവർ ഏറെയുള്ള മേഖലയിൽ പഞ്ചായത്തംഗങ്ങൾ നടത്തിയ ഇടപെടലുകൾ ചെറുതല്ല.

ഏത് ആവശ്യത്തിനും ആളുകൾ തിങ്ങിപ്പാർക്കുന്നയിടങ്ങളടക്കമുള്ള നാലാം വാർഡിൽ രോഗവ്യാപനം തടയുന്നതിനും സന്നദ്ധസേനാ പ്രവർത്തർക്കൊപ്പം വാർഡംഗം വി.എൻ. രാജേഷ് മുന്നിൽനിന്ന് നയിച്ചു. 540-ഓളം കുടുംബങ്ങളിൽ ഭക്ഷണകിറ്റുകൾ, കിടപ്പുരോഗികൾക്കായി മരുന്നുകളും വീടുകളിലെത്തിച്ചു. വാർഡിലും സമീപപ്രദേശങ്ങളിലുമായുള്ളവർക്കായി സി.പി.എം, ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആംബുലൻസ് വാങ്ങിയതിനും വാർഡംഗം നേതൃത്വം നൽകി. വാക്സിൻ രജിസ്‌ട്രേഷനായി വാർഡിലെ വിവിധയിടങ്ങളിലായി 10 പേരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സ്വന്തം വാഹനവും കോവിഡ് പ്രതിരോധത്തിന് ആറാം വാർഡിൽ സ്വന്തം കാറും കോവിഡ് രോഗികൾക്കായി ഓടുന്നതിന് വിട്ടുനൽകി വാർഡംഗം ബിജു പത്യാല. രണ്ട് വാഹനങ്ങൾ കോവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നതിന് എല്ലാ സൗകര്യങ്ങളും ഒരുക്കി. ഭൂരിഭാഗം വീടുകളിലും കിറ്റും പോഷാകാഹാരം ലഭ്യമാക്കുന്നതിന് പാൽ, ബ്രെഡ്, ഏത്തക്ക, മുട്ട എന്നിവയും വാർഡിൽ നൽകി. പൊതുസ്ഥലങ്ങൾ, വീടുകൾ തുടങ്ങിയിടങ്ങളിൽ സാനിറ്റൈസിങ്ങും നടത്തി. ഓൺലൈൻ പഠനത്തിനായി 12 വിദ്യാർഥികൾക്ക് സുമനസ്സുകളുടെ സഹായത്തോടെ സ്മാർട്ട് ഫോണുകളും വിതരണം ചെയ്തു.

ചക്കമുതൽ കടച്ചക്കവരെ കോവിഡ് പ്രതിസന്ധിയിൽ 20-ാം വാർഡിലെ കുടുംബങ്ങളിൽ ചക്ക, കപ്പ, കടച്ചക്ക മറ്റ് നാടൻ ഉത്പന്നങ്ങൾ തുടങ്ങിയ വസ്തുക്കൾ വാർഡംഗം വി.പി. രാജന്റെ നേതൃത്വത്തിൽ എത്തിച്ചു. കോവിഡ് ബാധിതരായവരുടെ വീടുകളിൽ മൂന്ന് തവണയും പണിയില്ലാതായവരുടെ കുടുംബങ്ങളിലും ഭക്ഷണസാധങ്ങളെത്തിച്ചു. ആക്രി പെറുക്കിയും സുമനസ്സുകളുടെ സഹായത്തോടെയാണ് പണം കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളികൂടിയായ വാർഡംഗം മുഴുവൻ സമയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

error: Content is protected !!