തിരക്കിലമർന്ന് പട്ടണം

കാഞ്ഞിരപ്പള്ളി: രണ്ടുദിവസത്തെ നിയന്ത്രണങ്ങൾക്കുശേഷം കാഞ്ഞിരപ്പള്ളി പട്ടണം ഗതാഗതക്കുരുക്കിലമർന്നു. ദേശീയപാതയിൽ പേട്ട കവലമുതൽ കുരിശുങ്കൽവരെയുള്ള ഭാഗത്ത് വാഹനങ്ങൾ ഗതാഗതക്കുരുക്കിലായി. വിവിധ ആവശ്യങ്ങൾക്കായി ആളുകൾ കൂട്ടത്തോടെ ഇറങ്ങിയതാണ് തിരക്കിന് കാരണമായത്. 

ദേശീയപാതയുടെ ഇരുവശങ്ങളിൽ വാഹനങ്ങൾ പാർക്കുചെയ്തതും കുരുക്കിന് കാരണമായി. തിരക്ക് വർധിക്കുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും. കോവിഡ് മുൻകരുതലുകൾ ശക്തമാണെങ്കിലും പട്ടണത്തിലെ തിരക്ക് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ഇടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. 

കോവിഡ് വ്യാപനം തടയുന്നതിന് ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പും പഞ്ചായത്തും നൽകുന്ന നിർദേശം. കഴിഞ്ഞ 22വരെ 6.30 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ, 27-ന് 6.81 ശതമാനമായി. തൊട്ടടുത്ത പഞ്ചായത്തായ പാറത്തോട്ടിൽ 22വരെ 7.25 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27-ന് 8.72 ശതമാനമായി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നാൽ നിയന്ത്രണങ്ങൾ എർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകും. കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ എല്ലാ ആഴ്ചയിലും പരിശോധനകൾ നടത്തുന്നതിനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്.

error: Content is protected !!