ജീവിക്കണം…കുടുംബം നോക്കണം സഹായിക്കുമോ അബ്ദുൽ അസീസിനെ
എരുമേലി: ഹൃദ്രോഗ ബാധിതനായ എരുമേലി വാഴക്കാല വേങ്ങശ്ശേരി(വിലങ്ങുപാറ) അബ്ദുൽ അസീസ്(56) ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം തേടുകയാണ്. ചികിത്സയ്ക്ക് മാർഗമില്ല. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിനെ ജോലി ചെയ്ത് പോറ്റാനും ആവതില്ല. സ്വന്തമായി വീടുമില്ല. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടറിഞ്ഞ നല്ല മനസ്സുള്ള ഒരാൾ താമസിക്കാൻ വാടക ഈടാക്കാതെ വീട് നൽകി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അസീസിന് ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞാലും ജോലി ചെയ്യാൻ ഏറെ നാളെടുക്കണം. ചികിത്സയും തുടരണം.
എരുമേലിയിൽ ഇറച്ചി വ്യാപാരമായിരുന്നു ഉപജീവനമാർഗം. മൂത്ത മകളുടെ വിവാഹം നടത്തി. മകളുടെ ഭർത്താവിനും ഹൃദ്രോഗത്തെ തുടർന്ന് ഹൃദയ വാൽവ് മാറ്റിവെച്ചതിനെ തുടർന്ന് ജോലി ചെയ്യാനാവാതെ കുടുംബത്തോടൊപ്പമാണ് താമസം. സാമ്പത്തിക ബാധ്യതകളും ചുമതലകളും ഏറ്റെടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ അബ്ദുൽ അസീസിനെയും ഹൃദ്രോഗം കീഴ്‌പ്പെടുത്തുകയായിരുന്നു. ചികിത്സ മാത്രമല്ല, ജോലി ചെയ്യാനാവാത്തതിനാൽ മുന്നോട്ടുള്ള ജീവിതത്തിൽ സംരക്ഷണവും വേണ്ട സാഹചര്യമാണ്.
കുടുംബത്തിന് കൈത്താങ്ങാകാൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്.കൃഷ്ണകുമാർ, ജൂബി അഷറഫ്, ഗ്രാമപ്പഞ്ചായത്തംഗം ജെസ്‌ന, വി.പി.വിജയൻ തുടങ്ങിയവർ ചേർന്ന് ചികിത്സാ സഹായ നിധി രൂപവത്കരിച്ചു. വാർഡംഗം ജെസ്‌നയുടെയും അബ്ദുൽ അസീസിന്റെ ഭാര്യയുടെയും പേരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ എരുമേലി ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ- 40601101052204. ഐ.എഫ്.എസ്. കോഡ്-കെ.എൽ.ജി.ബി. 0040601.