ഇനി മൊബൈൽകപ്പി കെട്ടി ഉയർത്തണ്ട…ഇവർക്ക് ഇന്റർനെറ്റായി

  

പെരുവന്താനം: വീട്ടുമുറ്റത്തെ പ്ലാവിൽ മൊബൈൽ ഫോൺ കപ്പി കെട്ടി ഉയർത്തി ഓൺലൈൻ പഠനം നടത്തിയിരുന്ന ട്രീസയ്ക്കും ആൻസിയയ്ക്കും ഇനി വീട്ടിൽ ഇരുന്ന് പഠിക്കാം. സർക്കാരിന്റെയും ട്രായിയുടെയും നിർദേശാനുസരണം പ്രദേശത്തെ പ്രാദേശിക കേബിൾ സേവനദാതാക്കളായ കേരള വിഷന്റെ സഹായത്തോടെയാണ് ഇവർക്ക് ഇൻറർനെറ്റ് എത്തിച്ചുനല്കിയത്. 

ഇതിനായി നാലര കിലോമീറ്റർ ദൂരം ഫൈബർ കേബിൾ സ്ഥാപിച്ചു. വീട്ടിൽ ഇൻറർനെറ്റ് സൗകര്യം എത്തിയതിന്റെ അതിരില്ലാത്ത സന്തോഷം പങ്കിടുകയാണ് ട്രീസയും ആൻസിയായും. കുടിയേറ്റഗ്രാമമായ കൊക്കയാർ പഞ്ചായത്തിലെ പ്രദേശത്ത് മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തതിനാൽ വിദ്യാർഥികൾ പ്രതിസന്ധിയിലായിരുന്നു. അധ്യാപകർ ഫോണിൽ അയയ്ക്കുന്ന പാഠഭാഗങ്ങൾ ഡൗൺലോഡ് ചെയ്യാൻ ട്രീസയുടെയും ആൻസിയായുടെയും പിതാവ് പുല്ലൂരുത്തിയിൽ വീട്ടിൽ പി.ജെ.വർഗീസ് ഉപയോഗിച്ച സാങ്കേതികവിദ്യ വാർത്തകളിൽ ഇടം നേടിയിരുന്നു. ഉയരംകൂടിയ പ്ലാവിൻ മുകളിൽ കപ്പി ഉപയോഗിച്ച് കയർ ഘടിപ്പിച്ചു. കയറിന്റെ ഒരു വശത്ത് സഞ്ചിയും കെട്ടിവച്ചു. കുട്ടികൾക്ക് മൊബൈലിൽ പാഠഭാഗങ്ങൾ അധ്യാപകർ അയച്ചു നൽകുന്ന സമയത്ത് ഡൗൺലോഡ് ആപ്ലിക്കേഷൻ ഓൺ ആക്കിയ ശേഷം മൊബൽ ഫോൺ സഞ്ചിക്കുള്ളിലാക്കി മുകളിലേക്ക്‌ വലിച്ചുകയറ്റും. ഡൗൺലോഡായ ശേഷം താഴെ എത്തിച്ച് കാണും. ഇങ്ങനെയാണ് ഓൺലൈൻ ക്ലാസ് തുടങ്ങിയ കാലം മുതൽ ഇവർ പഠിച്ചിരുന്നത്. ഉയരമുള്ള സ്‌ഥലങ്ങളിലെ റേഞ്ചുള്ള സ്‌ഥലങ്ങൾ കണ്ടെത്തിയാണ് പ്രദേശത്തെ മറ്റുള്ള വിദ്യാർഥികൾ പഠനം തുടരുന്നത്.

error: Content is protected !!