കാട്ടിലൂടെ നല്ല വഴിയുണ്ട്; പക്ഷേ, കാനനപാത കഠിനം…
പുഞ്ചവയൽ ∙ പുഞ്ചവയൽ നിവാസികൾക്ക് എളുപ്പത്തിൽ എരുമേലിയിൽ എത്താനും മഞ്ഞളരുവിയിലെ ആളുകൾക്ക് അത്യാവശ്യത്തിനു പുഞ്ചവയലിൽ എത്താനും ഉപകരിക്കുന്ന റോഡാണു പുഞ്ചവയൽ – പാക്കാനം – മഞ്ഞളരുവി– എരുമേലി റോഡ്. 5 വർഷം മുൻപു രണ്ടരക്കോടി രൂപ വിനിയോഗിച്ച് റോഡ് ആധുനിക നിലവാരത്തിൽ നിർമിച്ചു. പക്ഷേ നാട്ടുകാർക്കു സുഖകരമായ യാത്രയ്ക്ക് ഇതുവരെ യോഗം ഉണ്ടായിട്ടില്ല.പാക്കാനത്തിനും മഞ്ഞളരുവിക്കും ഇടയിൽ എരുമേലി പഞ്ചായത്ത് എട്ടാം വാർഡിൽ വെറും 700 മീറ്റർ റോഡ് ഇപ്പോഴും ടാർ ചെയ്യാതെ കല്ലുകൾ നിറഞ്ഞുകിടക്കുകയാണ്.
കാട്ടിലൂടെ കടന്നുപോകുന്ന ഈ ഭാഗത്ത് ടാർ ചെയ്യുന്നതു പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകും എന്നതിനാൽ റോഡ് നിർമാണത്തിന്റെ സമയത്തു വനം വകുപ്പിൽ നിന്ന് അനുമതി ലഭിച്ചിരുന്നില്ല. അതിനു ശേഷം റോഡ് കോൺക്രീറ്റ് ചെയ്യാം എന്ന അനുമതിയോടെ വനം വകുപ്പ് പൊതുമരാമത്തു വകുപ്പിനു കൈമാറി. എന്നാൽ ഇതിനായി തുടർ നടപടികൾ ഒന്നും ഇതുവരെ അധികൃതർ സ്വീകരിച്ചിട്ടില്ല.റോഡ് ഇല്ലാതെ കിടക്കുന്ന ഈ ഭാഗത്തെ ദുരിതയാത്ര അസഹ്യമായതിനാൽ ഈ വഴിയിൽ അധികം വാഹനങ്ങൾ വരാറില്ല. ഒപ്പം 700 മീറ്റർ വനപാതയിൽ രാത്രി ആന ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യവും ഉണ്ട്.
മഞ്ഞളരുവി നിവാസികൾക്ക് അത്യാവശ്യ കാര്യങ്ങൾക്കു കിലോമീറ്ററുകൾ അകലെയുള്ള എരുമേലിയിൽ എത്തുന്നതിനെക്കാൾ എളുപ്പമാണു പുഞ്ചവയലിലേക്കുള്ള യാത്ര. എന്നാൽ റോഡിലെ ദുരിതയാത്ര ഇതിനും തടസ്സമാകുന്നു. വനത്തിലൂടെ കടന്നുപോകുന്ന കുറച്ചു ഭാഗം കോൺക്രീറ്റ് ചെയ്യണം എന്നും മൃഗങ്ങൾ റോഡിലേക്ക് ഇറങ്ങാതിരിക്കാൻ സോളർ വേലികൾ സ്ഥാപിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.