കാട്ടുമൃഗശല്യം രൂക്ഷം; കർഷകൻ കൃഷി ഉപേക്ഷിച്ചു

എരുമേലി∙ കാട്ടുമൃഗശല്യം രൂക്ഷമായതോടെ കർഷകൻ കൃഷി പൂർണമായി ഉപേക്ഷിച്ചു. പാട്ടത്തിനെടുത്ത 2 ഏക്കർ കൃഷിയിടത്തിൽ 5,000 മൂട് കപ്പയും അനുബന്ധകൃഷികളും നടത്തിയ മൂക്കംപെട്ടി പാലാക്കുഴിയിൽ പ്രസാദാണു കൃഷി ഉപേക്ഷിക്കുന്നത്. 2 വർഷം മുൻപാണു കാടും പൊന്തയും കല്ലുകളും നിറഞ്ഞ സ്ഥലം പ്രസാദ് 4 വർഷത്തേക്കു പാട്ടത്തിനെടുത്തത്. പറമ്പിലെ കല്ലുകൾ നീക്കം ചെയ്യാൻ തന്നെ 95 തൊഴിലാളികൾ വേണ്ടി വന്നു. തുടർന്നു കപ്പ, ചേന, വാഴ, ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്തു. സ്ഥലത്തിന്റെ അതിര് വനഭൂമിയാണ്. വനംവകുപ്പിനു കീഴിൽ 4 കിലോമീറ്റർ നീളത്തിൽ ഇവിടെ സൗരവേലി സ്ഥാപിച്ചിട്ടുമുണ്ട്. വേലിയുള്ളതിനാൽ കാട്ടുമൃഗശല്യം ഉണ്ടാവില്ലെന്ന ധൈര്യത്തിലായിരുന്നു കൃഷി.

എന്നാൽ വേലിയിൽ കാട് കയറിയതോടെ പ്രവർത്തനം മുടങ്ങി. കാട്ടാനക്കൂട്ടം, പന്നി എന്നിവ എത്തി കൃഷി നശിപ്പിച്ചപ്പോൾ അവയെ തുരത്താനായി പറമ്പിൽ 2 ഏറുമാടങ്ങൾ സ്ഥാപിച്ചു. ഭാര്യയെയും വളർത്തു നായയെയും കൂട്ടി എല്ലാ വൈകുന്നേരങ്ങളിലും ഏറുമാടത്തിൽ വെളുപ്പിനു വരെ കഴിച്ചുകൂട്ടി. എന്നിട്ടും കാര്യമുണ്ടായില്ല. ഇതിനിടെ കപ്പയ്ക്കു വില കുറഞ്ഞതും പ്രതിസന്ധി വർധിപ്പിച്ചു. സൗരവേലിയുടെ പരിപാലനം വനംവകുപ്പ് നടത്തിയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നെന്ന് പ്രസാദ് ചൂണ്ടിക്കാട്ടുന്നു. കോവിഡ് കാലത്ത് പ്രസാദ് 1,000 കിലോ കപ്പ സൗജന്യമായി നൽകിയിരുന്നു. പാട്ടക്കാലാവധി 2 വർഷം കൂടി ഉണ്ടായിരിക്കെയാണു കൃഷി അവസാനിപ്പിക്കുന്നത്.

error: Content is protected !!